കാനഡയെ തോൽപ്പിച്ച് മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യന്മാർ
ദോഹ: ബെൽജിയവും ക്രൊയേഷ്യയും ഉൾപ്പെടുന്ന ഗ്രൂപ്പ് എഫിൽനിന്ന് ഒന്നാം സ്ഥാനത്തോടെ പ്രീക്വാർട്ടറിൽ കടന്ന് മൊറോക്കോയുടെ ‘വണ്ടർ’ പ്രകടനം. ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ കാനഡയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് മൊറോക്കോ ഖത്തർ ലോകകപ്പിലെ ഉജ്വല മുന്നേറ്റം പ്രീക്വാർട്ടറിലേക്കു നീട്ടിയെടുത്തത്. ഹാകിം സിയെച്ച് (4–ാം മിനിറ്റ്), യൂസഫ് എൻ നെസിറി (23–ാം മിനിറ്റ്) എന്നിവരാണ് മൊറോക്കോയ്ക്കായി ഗോൾ നേടിയത്. കാനഡയുടെ ആശ്വാസഗോളും മൊറോക്കോയുടെ ‘ദാന’മാണ്. 40–ാം മിനിറ്റിൽ മൊറോക്കൻ താരം നയെഫ് അഗ്യൂർഡിന്റെ കാലിൽത്തട്ടി പന്ത് സ്വന്തം വലയിൽ കയറുകയായിരുന്നു.
ഇതേ സമയത്ത് ഗ്രൂപ്പ് എഫിൽ നടന്ന മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യയും ബെൽജിയവും ഗോളില്ലാ സമനിലയിൽ പിരിഞ്ഞതോടെയാണ് മൊറോക്കോ ഗ്രൂപ്പ് ചാംപ്യൻമാരായത്. ഇതോടെ, ക്രൊയേഷ്യ മൊറോക്കോയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തോടെയും പ്രീക്വാർട്ടറിലെത്തി. നാലു പോയിന്റുള്ള ബെൽജിയം പുറത്തായി. ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ച മൊറോക്കോ, രണ്ടാം മത്സരത്തിൽ ബെൽജിയത്തെ അട്ടിമറിച്ചതാണ് നിർണായകമായത്.
1986നു ശേഷം ഇതാദ്യമായാണ് മൊറോക്കോ ലോകകപ്പ് നോക്കൗട്ടിൽ കടക്കുന്നത്. ഖത്തർ ലോകകപ്പിൽ പ്രീക്വാർട്ടറിലേക്കു കടക്കുന്ന രണ്ടാമത്തെ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. സെനഗലാണ് ആദ്യ ടീം. ഡിസംബർ ആറിനു നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാരാണ് മൊറൊക്കോയുടെ എതിരാളികൾ.
മത്സരത്തിൽ കാനഡയുടെ പിഴവ് മുതലെടുത്താണ് മൊറോക്കോ തുടക്കത്തിൽത്തന്നെ ലീഡെടുത്തത്. കാനഡ പ്രതിരോധത്തിലെ ആശയക്കുഴപ്പത്തിനിടെ പന്ത് നേരെ കാനഡ ക്യാപ്റ്റൻ കൂടിയായ മിലൻ ബോർഹന്. പന്തിനൊപ്പം ഓടിയെത്തിയ മൊറോക്കോ താരം ചെലുത്തിയ സമ്മർദ്ദത്തിൽ ബോർഹൻ ക്ലിയർ ചെയ്ത പന്ത് ബോക്സിനു തൊട്ടു വെളിയിൽ ഹാകിം സിയെച്ചിന്റെ കാൽപ്പാകത്തിൽ. മുന്നോട്ടു കയറി നിൽക്കുകയായിരുന്നു ബോർഹന്റെ തലയ്ക്കു മുകളിലൂടെ സിയെച്ചിന്റെ തകർപ്പൻ ചിപ് വലയിലേക്ക്. സ്കോർ 1–0.
ത്രോ ബോൾ ആണ് 23–ാം മിനിറ്റിലെ ഗോളിന് വഴിയൊരുക്കിയത്. കിട്ടിയ അവസരം മുതലെടുത്ത് യൂസഫ് എൻ നെസിറി പന്ത് വലയിലേക്ക് പായിച്ചു. 40–ാം മിനിറ്റിൽ മൊറോക്കോയുടെ പിഴവിൽ കാനഡയ്ക്കും കിട്ടി ഒരു ഗോൾ. ഇടതു വിങ്ങിൽ നിന്ന് അഡെകുഗ്ബെയുടെ ഷോട്ട് മൊറോക്കോ താരം നയെഫ് അഗ്യൂർഡിന്റെ കാലിൽത്തട്ടി സ്വന്തം ബോൾ സ്വന്തം പോസ്റ്റിലേക്ക് കയറുകയായിരുന്നു. സ്കോർ1–2.
44–ാം മിനിറ്റിൽ മൊറോക്കോ മൂന്നാം ഗോളും അടിച്ചെങ്കിലും ഓഫ്സൈഡിൽ കുടുങ്ങി ഗോൾ നിഷേധിക്കപ്പെട്ടു. സിയെച്ചിന്റെ ഫ്രീകിക്ക് വലയിലാക്കിയ യൂസഫ് എൻ നെസിറി ഗോളാഘോഷം നടത്തിയെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നതോടെ എല്ലാം വെറുതെയായി.
ആദ്യ പകുതിൽ മേധാവിത്വം പുലർത്തിയത് മൊറോക്കോയായിരുന്നു. മൂന്നും ഗോൾ പിറന്നതും ആദ്യപകുതിയിലാണ്. 71ാം മിനിറ്റിൽ കാനഡ ക്യാപ്റ്റൻ ഹച്ചിൻസന്റെ ഹെഡ്ഡർ ക്രോസ്ബാറിൽ തട്ടി കൃത്യം വെള്ളവരയിൽ വീഴുകയായിരുന്നു. ജോൺസ്ടൻ വീണ്ടും ഹെഡ് ചെയ്തെങ്കിലും പോസ്റ്റിന് പുറത്തേക്കാണ് ബോൾ പോയത്. ഇതോടെ സമനിലയിൽ നിന്നും തലനാരിഴയ്ക്ക് മൊറോക്കോ രക്ഷപ്പെടുകയായിരുന്നു.