ആഫ്രിക്കൻ പന്നിപ്പനി; ഭരണങ്ങാനത്ത് 64 പന്നികളെ സംസ്കരിച്ചു
ആഫ്രിക്കൻ പന്നിപ്പനി; ഭരണങ്ങാനത്ത്
64 പന്നികളെ സംസ്കരിച്ചു
ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ സ്വകാര്യഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 30 മുതിർന്ന പന്നികളേയും 34 പന്നിക്കുഞ്ഞുങ്ങളേയും ദയാവധം നടത്തി സംസ്ക്കരിച്ചു. ഫാമും പരിസരവും അണുമുക്തമാക്കി.
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.
രോഗം സ്ഥിരീകരിച്ച പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗബാധിത പ്രദേശങ്ങളിൽനിന്നു പന്നി മാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം എന്നിവ നിർത്തിവച്ച് ഉത്തരവായി. ഇവിടെനിന്ന് പന്നികൾ, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളിൽനിന്നു രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിർത്തിവയ്ക്കാനും ഉത്തരവായി. പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമിലെയും അതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുമുള്ള എല്ലാ പന്നികളെയും മാനദണ്ഡങ്ങൾ പാലിച്ച് ഉന്മൂലനം ചെയ്ത് സംസ്കരിച്ചിട്ടുണ്ട്.
പന്നിപ്പനി രോഗം സ്ഥിരീകരിച്ച പന്നിഫാമുകളിൽനിന്നും മറ്റ് പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പന്നികളെ കൊണ്ടു പോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, വില്ലേജ്, തദേശസ്ഥാപന സെക്രട്ടറിമാർ എന്നിവർ ചേർന്ന് ദ്രുതകർമ്മസേന രൂപീകരിച്ചു.
ജില്ലയിലെ മറ്റിടങ്ങളിൽ വൈറസ് കണ്ടെത്തുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസറെ അറിയിച്ച് വ്യാപനം തടയാൻ മൃഗസംരക്ഷണ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായി ജില്ലാ കളക്ടർ പറഞ്ഞു. മീനച്ചിൽ, കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, തിടനാട്, പൂഞ്ഞാർ, മൂന്നിലവ്, കരൂർ, മേലുകാവ്, തലപ്പലം, തീക്കോയി, കടനാട്, രാമപുരം എന്നീ ഗ്രാമപഞ്ചായത്തുകളും ഈരാറ്റുപേട്ട, പാലാ എന്നീ നഗരസഭകളും നിരീക്ഷണ മേഖലയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മൃഗസംരക്ഷണ വകുപ്പിന്റെ കർമ സേന അംഗങ്ങളായ ഡോ.ഫിറോസ് , ഡോ.ശരത് കൃഷ്ണൻ , ഡോ ബി.സുനിൽ, ബിനു ജോസിലിൻ, ഡോ.സുസ്മിത എന്നിവർ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ജില്ലാ എപിഡമിയോളജിസ്റ്റ് ഡോ.രാഹുൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.