മണ്ഡല-മകര വിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി ശബരിമലയിലെ നട വരവ് 52 കോടി കഴിഞ്ഞു
പത്തനംതിട്ട: ശബരിമല നടതുറന്ന് ആദ്യ പത്തു ദിവസം പിന്നിടുമ്പോൾ നടവരവിൽ വൻ വർദ്ധനവ്. മണ്ഡല-മകര വിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി ശബരിമലയിലെ നട വരവ് 52 കോടി കഴിഞ്ഞു.
അരവണ വിറ്റ വരവിൽ ആണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ, തീർത്ഥാടക പ്രവാഹമാണ് ക്ഷേത്രത്തിൽ കാണപ്പെടുന്നത്. ഇതുവരെ ലഭിച്ച വരുമാനത്തിലും വർദ്ധനവുണ്ടായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ അറിയിച്ചു.
52.55 കോടി രൂപയാണ് ക്ഷേത്രത്തിലെ ആകെ വരുമാനം. ഏറ്റവും കൂടുതൽ വരുമാനമുണ്ടായത് അരവണയിൽ നിന്നാണ്, 23.57 കോടി രൂപ. അപ്പം ഇനത്തിൽ നിന്ന് 2.58 കോടിയും, കാണിക്കയായി 12.73 കോടിയും ലഭിച്ചു. മുറി വാടകയിനത്തിൽ 48.84 ലക്ഷം, അഭിഷേകത്തിൽ നിന്ന് 31.87 ലക്ഷവും കിട്ടിയിട്ടുണ്ട്.