പറങ്കിപ്പടയെ വിറപ്പിച്ച് ആഫ്രിക്കൻ കരുത്തുമായെത്തിയ ഘാന കീഴടങ്ങി
ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ് എച്ച് മത്സരത്തിൽ പറങ്കിപ്പടയെ വിറപ്പിച്ച് ആഫ്രിക്കൻ കരുത്തുമായെത്തിയ ഘാന കീഴടങ്ങി. 3-2നാണ് പോർചുഗലിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ (65), ജോവാ ഫെലിക്സ് (78), റാഫേൽ ലിയോ (80) എന്നിവരാണ് പോർചുഗലിനായി വലകുലുക്കിയത്. ആന്ദ്രെ അയു (73), ഓസ്മാൻ ബുകാരി (89) എന്നിവരാണ് ഘാനക്കായി ഗോൾ നേടിയത്.
മത്സരത്തിലെ അഞ്ചു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. 65ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റിയിലൂടെ നേടിയ ഗോളിലൂടെ പറങ്കിപ്പട മുന്നിലെത്തി. ബോക്സിനുള്ളിൽ ഘാന പ്രതിരോധ താരം മുഹമ്മദ് സാലിസു ക്രിസ്റ്റ്യാനോയെ വീഴ്ത്തിയതിനാണ് പോർചുഗലിന് അനുകൂലമായി റഫറി പെനാൽറ്റി വിളിച്ചത്. കിക്കെടുത്ത ക്രിസ്റ്റ്യാനോ പന്ത് അനായാസം വലയിലെത്തിച്ചു.
ഇതോടെ തുടർച്ചയായ അഞ്ചു ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യതാരമെന്ന നേട്ടം ക്രിസ്റ്റ്യാനോ സ്വന്തമാക്കി. ഗോൾ രഹിതമായ ആദ്യ പകുതിയിൽനിന്ന് വ്യത്യസ്തമായി, രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചു കളിക്കുന്നതാണ് കണ്ടത്.
അറ്റാക്കിങ്ങും കൗണ്ടർ അറ്റാക്കുകളും ഒന്നിനുപുറകെ ഒന്നായി കളം നിറഞ്ഞതോടെ കളിയുടെ വേഗതയും കൂടി. 55ാം മിനിറ്റിൽ പന്തുമായി മുന്നേറിയ ഘാന താരം മുഹമ്മദ് കുദുസിന്റെ ലോങ് റേഞ്ചർ പോർചുഗൽ പോസ്റ്റിനെ തൊട്ടുരുമി പുറത്തേക്ക് പോയി. 73ാം മിനിറ്റിൽ ഘാനയുടെ ആന്ദ്രെ അയു ഗോൾ മടക്കി. ഇടതുവിങ്ങിൽനിന്ന് പോസ്റ്റിനു സമാന്തരമായി മുഹമ്മദ് കുദുസ് നൽകിയ പന്ത് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ആന്ദ്രെയുടെ കാലുകളിലേക്ക്. താരത്തിന് പന്ത് പോസ്റ്റിലേക്ക് തട്ടിയിടേണ്ട പണി മാത്രം.
78ാം മിനിറ്റിൽ ജോവാ ഫെലിക്സിലൂടെ പോർചുഗൽ വീണ്ടും മുന്നിലെത്തി. ബ്രൂണോ ഫെർണാണ്ടസാണ് ഗോളിന് വഴിയൊരുക്കിയത്. 80ാം മിനിറ്റിൽ പകരക്കാരനായെത്തിയ റാഫേൽ ലിയോ ലീഡ് വീണ്ടും ഉയർത്തി. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് ബ്രൂണോ ഫെർണാണ്ടസ് തന്നെയായിരുന്നു.
89ാം മിനിറ്റിൽ കുദുസിനു പകരക്കാരനായി കളത്തിലെത്തിയ ഓസ്മാൻ ബുകാരിയിലൂടെ ഘാന ഒരു ഗോൾ കൂടി മടക്കി. അബ്ദുൽ റഹ്മാൻ ബാബ ഇടതുവിങ്ങിൽനിന്ന് ബോക്സിനുള്ളിലേക്ക് ഉയർത്തി നൽകി പന്ത് ബുകാരി ഹെഡറിലൂടെ വലയിലെത്തിച്ചു. പേരുകേട്ട പറങ്കിപ്പടയെ ആദ്യ പകുതിയിൽ ഘാന താരങ്ങൾ വരിഞ്ഞുമുറുക്കുന്നതാണ് കണ്ടത്.