കോട്ടയം മാങ്ങാനത്ത് സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ ഒമ്പത് പെണ്‍കുട്ടികളെ കണ്ടെത്തി
കോട്ടയം: കോട്ടയം മാങ്ങാനത്ത് സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ ഒമ്പത് പെണ്‍കുട്ടികളെ കണ്ടെത്തി. എറണാകുളം ഇലഞ്ഞിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. കൂട്ടത്തിലുള്ള ഒരു കുട്ടിയുടെ ബന്ധുവീട്ടിലായിരുന്നു ഇവര്‍. ബസില്‍ യാതചെയ്താണ് ഇവര്‍ ഇലഞ്ഞിയിലെത്തിയത്.
പോക്‌സോ കേസിലെ ഇരയടക്കമുള്ളവരെ ഇന്ന് പുലര്‍ച്ചയോടെയാണ് കാണാതായത്. രാവിലെ 5.30ഓടെ അധികൃതര്‍ വിളിക്കാന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടികള്‍ ഇവിടെനിന്ന് കടന്നുകളഞ്ഞ കാര്യം അറിയുന്നത്. 12 പെണ്‍കുട്ടികള്‍ ഇവിടെ താമസിക്കുന്നുണ്ട്. പോക്‌സോ അടക്കമുള്ള കേസുകളിലും കുടുംബ പ്രശ്‌നങ്ങളിലും അകപ്പെട്ട പെണ്‍കുട്ടികളാണ് ഇതില്‍ മിക്കവരും.
മഹിളാ സമഖ്യ എന്‍ജിഒ നടത്തുന്ന ഈ സ്വകാര്യ ഷെല്‍ട്ടര്‍ഹോമിന് ശിശുക്ഷേമ സമിതിയുടെ അംഗീകാരമുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളിലായി പെണ്‍കുട്ടികള്‍ ഇവിടെ പ്രതിഷേധം നടത്തിയിരുന്നതായാണ് വിവരം. ഇവരെ മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ ആലോചനയിലാണ്. സുരക്ഷാ വീഴ്ച പോലിസ് പരിശോധിക്കും.