വീടുകയറി ആക്രമണം മുണ്ടക്കയത്ത് സഹോദരങ്ങൾ അറസ്റ്റിൽ.


വീട്ടിൽ അതിക്രമിച്ചു കയറി അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ നെന്മേനി ഭാഗത്ത് വിലാസിനി സദനം വീട്ടിൽ സെൽവരാജൻ മകൻ നിധിൻ വി.എസ് (27), ഇയാളുടെ സഹോദരൻ വിഷ്ണു വി.എസ് (24) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോട് കുടി യുവതിയും പിതാവും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി ഇരുവരെയും ആക്രമിക്കുകയായിരുന്നു. നിധിൻ മുൻപ് ഇവരുടെ വീട്ടിൽ വിവാഹാലോചന നടത്തിയിരുന്നു. ഇത് യുവതിയുടെ പിതാവ് നിരസിക്കുകയും ചെയ്തു. നിധിന് ഇതിനോടുള്ള വിരോധം നിലനിന്നിരുന്നു . ഇത് മൂലമാണ് നിധിനും സഹോദരനും ചേർന്ന് വീട്ടിൽ കയറി പിതാവിനെ ആക്രമിച്ചത്. ഇത് തടയാൻ ചെന്ന യുവതിയെയും ഇരുവരും ആക്രമിച്ചു. കൂടാതെ കല്ലെറിഞ്ഞ് വീടിന് നാശനഷ്ടം വരുത്തുകയും ചെയ്തു. സംഭവത്തിന് ശേഷം ഇരുവരും ഒളിവിൽ പോവുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവർ വണ്ടിപ്പെരിയാർ ഉണ്ടെന്ന് കണ്ടെത്തുകയും, എന്നാൽ പോലീസ് വരുന്നതറിഞ്ഞ് വണ്ടിപ്പെരിയാറിൽ നിന്ന് അന്യസംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയില്‍ ഇരുവരേയും കെ.എസ്.ആര്‍.ടി.സി ബസ്സിൽ നിന്നും സാഹസികമായി പിടികൂടുകയായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്. ഓ ഷൈൻ കുമാർ എ, എസ്.ഐ അനീഷ് പി.എസ്, സി.പി.ഓ മാരായ ശ്രീജിത്ത് ബി, രഞ്ജിത്ത് പി.റ്റി, ജോഷി എം തോമസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page