കോട്ടയം ജില്ലയിൽ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ നാളെ മുതൽ
ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ നാളെ മുതൽ
കോട്ടയം: സാക്ഷരതാ മിഷൻ, പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നു നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ കോഴ്സിലെ പഠിതാക്കൾക്കുള്ള ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷകൾ നാളെ (ഓഗസ്റ്റ് 13) ആരംഭിക്കും. രാവിലെ 9.30 മുതൽ 12.15 വരെയാണ് പരീക്ഷ.
കോട്ടയം ജില്ലയിൽ പഠനം പൂർത്തിയാക്കിയ 630 പേർ പരീക്ഷ എഴുതുമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു അറിയിച്ചു. ഇവരിൽ 223 പുരുഷൻമാരും 407 സ്ത്രീകളും 138 പട്ടികജാതി വിഭാഗത്തിൽ പെടുന്നവരും ഒൻപത് പട്ടികവർഗ്ഗക്കാരും ഒൻപത് ഭിന്നശേഷിക്കാരും ഉൾപ്പെടുന്നു.
കോട്ടയം ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതുന്ന 70 വയസുള്ള സി. ജോസ്‌കുമാറാണ് ജില്ലയിലെ പ്രായം കൂടിയ പഠിതാവ്. മലയാളം, ഇംഗ്ലീഷ്, ബിസിനസ്സ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്, ഹിസ്റ്ററി, അക്കൗണ്ടൻസി, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നി വിഷയങ്ങളിൽ നടക്കുന്ന പരീക്ഷ 20ന് അവസാനിക്കും.
കോട്ടയം ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ-172, ചങ്ങനാശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ-129, കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂൾ- 137, രാമപുരം സെന്റ്. ആഗസ്റ്റിനസ് ഹയർ സെക്കൻഡറി സ്‌കൂൾ-100, പാമ്പാടി പൊൻകുന്നം വർക്കി സ്മാരക സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ-92 എന്നിങ്ങനെയാണ് പരീക്ഷയെഴുതുന്നവരുടെ എണ്ണം. ഹയർ സെക്കൻഡറിയിൽ നിലവിലുള്ള ഗ്രേഡിംഗ് സമ്പ്രദായം തന്നെയാണ് തുല്യതാ പരീക്ഷയ്ക്കും ബാധകമായിട്ടുളളത്. നിരന്തരമൂല്യനിർണയ പ്രക്രിയ പൂർത്തിയാക്കിയവരാണ് പരീക്ഷ എഴുതുന്നത്.