വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതോടെ കൊക്കയാറ്റില്‍ വിജിലന്‍സ് ബാധ.കൃഷിഭവന്‍ ഗ്രൂപ്പില്‍ അടിയോടടി
മുണ്ടക്കയം: വിജിലന്‍സ് കേസില്‍ വൈസ് പ്രസിഡന്റ് അറസ്റ്റിലായതോടുകൂടി കൊക്കയാര്‍ ഗ്രാമപഞ്ചായത്തിലും അനുബന്ധ സ്ഥാപനങ്ങളിലും വിജിലന്‍സ് ബാധ.പഞ്ചായത്ത് പരിധിയില്‍ നിന്ന് അറിയാതെ വിജിലന്‍സ് എന്നു പറഞ്ഞാല്‍ പോലും ചിലപ്പോള്‍ പ്രശ്‌നമായേക്കാമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വൈസ് പ്രസിഡന്റിന്റെ അറസ്റ്റിന് പിന്നാലെ കൃഷിഭവന്റെ ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകള്‍ ലഹളയായി തുടരുകയാണ്. അറസ്റ്റിന് പിന്നാലെ അഴിമതികേസുകള്‍ വിജിലന്‍സിനെ അറിയിക്കണമെന്ന രീതിയിലുള്ള പൊതു അറിയിപ്പ് കൃഷി ഓഫീസര്‍ ഗ്രൂപ്പില്‍ ഷെയര്‍ചെയ്തതായി പറയപ്പെടുന്നു ഇതോടുകൂടിയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഓഫീസറുടെ പോസ്റ്റിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ് രൂക്ഷമായ വാദങ്ങളുമായി രംഗത്തെത്തിയതായാണ് വിവരം കൃഷിഭവന്‍ ജീവനക്കാര്‍ ഈ വിവരം ഗ്രൂപ്പില്‍ തുറന്നു പറയുകയും ചെയ്തു.എന്നാല്‍ ഇതിനെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും നിരവധിയാളുകള്‍ രംഗത്തുവന്നു. ഇതുമായി ബന്ധപ്പെട്ട് കൃഷി ഓഫീസര്‍ക്കെതിരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായാണ് വിവരം.ഇതിനിടെ കഴിഞ്ഞ പഞ്ചായത്ത് കമ്മറ്റിയില്‍ കൃഷി ഓഫീസര്‍ക്കെതിരെ നടപടി ചര്‍ച്ച ചെയ്തിരുന്നു.എന്നാല്‍ പ്രസിഡന്റ് മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിക്ക് മറുപടി വന്ന ശേഷം നടപടി മതിയെന്ന് പ്രതിപക്ഷ അംഗങ്ങള്‍ അഭിപ്രായപ്പെടുകയായിരുന്നു.വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത വിജിലന്‍സ് കേസില്‍ സാങ്കേതികമായി സാക്ഷി സ്ഥാനത്ത് കൃഷി ഓഫീസര്‍ വന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്നറിയുന്നു.അതേ സമയം ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ ധിക്കരിക്കുന്ന കൃഷി ഓഫീസ് ജീവനക്കാര്‍ക്കെതിരെയും പ്രതിക്ഷേധമുണ്ട്.