പ്രവാസികള്‍ക്ക് കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനയായ ശമ്പള പരിധി കുവൈത്തില്‍ ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്
കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനയായ ശമ്പള പരിധി കുവൈത്തില്‍ ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അല്‍ ഖബസ് ദിനപ്പത്രമാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കുവൈത്തിലേക്ക് ഭാര്യയെയോ ഭര്‍ത്താവിനെയോ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കുറഞ്ഞ ശമ്പള പരിധി 300 ദിനാറായും മാതാപിതാക്കളെ കൊണ്ടുവരാന്‍ കുറഞ്ഞ ശമ്പള പരിധി 600 ദിനാറായും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഭാര്യയെയോ ഭര്‍ത്താവിനെയോ കൊണ്ടുവരാന്‍ 250 ദിനാറും മാതാപിതാക്കളെ കൊണ്ടുവരാന്‍ 500 ദിനാറുമാണ് കുറഞ്ഞ ശമ്പള പരിധി.
അതേസമയം, കുവൈത്തില്‍ കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായാണ് ഇപ്പോഴത്തെ നിയന്ത്രണമെന്ന് അറിയിച്ചിട്ടുണ്ട്.