ഹോസ്റ്റലിലെ പെൺകുട്ടികളെ പീഡിപ്പിച്ച പാചകക്കാരൻ അറസ്റ്റിൽ.
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പാചകക്കാരൻ അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്വദേശി വിജിത്തിനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. 14 വയസ്സുള്ള രണ്ട് പെൺകുട്ടികളെയാണ് ഹോസ്റ്റലിലെ പാചകക്കാരനായ പ്രതി പീഡനത്തിനിരയാക്കിയത്.
ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന രണ്ട് പെൺകുട്ടികൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കുട്ടികളെ സംസാരിച്ച് വശീകരിച്ചും ഭീഷണിപ്പെടുത്തിയും ആണ് പ്രതി പീഡനത്തിനിരയാക്കിയത് എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് പെൺകുട്ടികൾ പീഡനവിവരം തുറന്നു പറഞ്ഞത്. തുടർന്ന് കൗൺസിലർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈനിൽ നിന്നും വിവരം ലഭിച്ചതിനെ അടിസ്ഥാനത്തിലാണ് വളപട്ടണം പൊലീസ് കേസിലെ അന്വേഷണം ആരംഭിച്ചത്. പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതിൽ നിന്ന് 35 കാരനായ വിജിത്ത് ഇവരെ പീഡനത്തിന് ഇരയാക്കിയതായി വ്യക്തമായി.