കുമളിയിൽ നിന്നും പോയ തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകൾ
കുമളി∙ തേനി ആണ്ടിപ്പെട്ടിക്ക് സമീപം തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 40 പേർക്ക് ഗുരുതരമായി പരുക്കേറ്റു. കുമളിയിൽനിന്നു നാഗർകോവിലിലേക്ക് പോയ ബസും തിരിച്ചെന്തൂരിൽനിന്നു കമ്പത്തേക്ക് വന്ന ബസുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്.
അപകടത്തിൽ നാഗർകോവിൽ ബസിന്റെ ഡ്രൈവർ കന്യാകുമാരി ജില്ലയിലെ കുറുന്തംകോട് വില്ലേജിൽ താമസിക്കുന്ന രത്തിനസ്വാമി (54) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുമളിയിൽനിന്ന് പുറപ്പെട്ട ബസിൽ മലയാളികളും ഉണ്ടായിരുന്നു എന്നാണ് വിവരം.”