ആറ് മണിക്കൂറിനുള്ളിൽ ചിന്നുകോഴി ഇട്ടത് 24 മുട്ടകൾ

ആലപ്പുഴ: വെറും ആറ് മണിക്കൂറിനുള്ളിൽ 24 മുട്ടകളാണ് ആലപ്പുഴയിലെ ചിന്നുകോഴി ഇട്ടത്. ഇന്നലെ രാവിലെ 8.30നും ഉച്ചയ്ക്ക് 2.30നും ഇടയിലാണ് ഇത്രയും മുട്ടകളിട്ടത്.

പുന്നപ്ര തെക്ക് ചെറകാട്ടിൽ സി എൻ ബിജുകുമാറിന്റെ വീട്ടിലെ ബിവി 380 എന്ന സങ്കരയിനം കോഴിയാണ് 24 മുട്ടയിട്ട് താരമായത്. ബിജുകുമാറിന്റെൾ മക്ക ‘ചിന്നു’ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കോഴിയാണ് ഇന്നലെ നാടിനും വീടിനും കൗതുകമായി മാറിയത്. ആറ് മണിക്കൂറിനുള്ളിൽ 24 മുട്ടകൾ ഇട്ടതോടെ അത്ഭുത താരമായിരിക്കുകയാണ് ചിന്നു കോഴി.

എട്ടു മാസം പ്രായമായ ചിന്നുവിനെ ഉൾപ്പെടെ 23 കോഴികളെ ബാങ്ക് വായ്പയെടുത്ത് ഏഴ് മാസം മുൻപാണ് ബിജുവും ഭാര്യ മിനിയും ചേർന്ന് വാങ്ങിയത്. ഇന്നലെ രാവിലെ ചിന്നു മുടന്തി നടക്കുന്നതു ശ്രദ്ധിച്ച ബിജു കുമാർ കോഴിക്ക് എന്തോ പ്രശ്നമുണ്ടെന്ന് കരുതി തൈലം പുരട്ടിയ ശേഷം മറ്റു കോഴികളിൽനിന്ന് മാറ്റി നിർത്തി.

അൽപനേരം കഴിഞ്ഞ് തുടർച്ചയായി മുട്ടയിടുകയായിരുന്നു. അസാധാരാണ മുട്ടയിടൽ അറിഞ്ഞ് എത്തിയ നാട്ടുകാരുടെ മുന്നിലും ചിന്നു മുട്ടയിടൽ തുടർന്നു. സംഭവം അപൂർവമാണെന്നും ശാസ്ത്രീയ പഠനങ്ങൾക്ക് ശേഷം മാത്രമേ ഇങ്ങനെ സംഭവിക്കുന്നതിന്റെ കാരണം വ്യക്തമാകൂ എന്നും മണ്ണുത്തി വെറ്ററിനറി സർവകലാശാല പോൾട്രി ആൻഡ് ഡക് ഫാം അസി.പ്രഫ. ബിനോജ് ചാക്കോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page