വേളാങ്കണ്ണി ട്രെയിൻ ജൂൺ നാല് മുതൽ വീണ്ടും
വേളാങ്കണ്ണി ട്രെയിൻ ജൂൺ നാല് മുതൽ വീണ്ടും
കോട്ടയം:കോട്ടയം വഴിയുള്ള റെയിൽപ്പാത ഇരട്ടിപ്പിക്കൽ പൂർത്തിയുന്നതോടെ ഒരു ട്രെയിൽ കൂടി കോട്ടയം വഴി.പ്രതിവാര സ്പെഷൽ ട്രെയിനായ എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് (06035/06036) ജൂൺ നാലു മുതൽ സർവീസ് പുന:രാരംഭിക്കും. ഈ ട്രെയിൻ മൂന്നു മാസത്തിനുള്ളിൽ ആഴ്ചയിൽ രണ്ടു ദിവസമാക്കുമെന്ന് ദക്ഷിണ റെയിൽവേ ഉറപ്പു നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
നേരത്തേ കൊല്ലം – ചെങ്കോട്ട മീറ്റർ ഗേജ് ലൈനിൽ കൊല്ലത്തു നിന്ന് നാഗപട്ടണം വരെ എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തിയിരുന്നു, എന്നാൽ ബ്രോഡ് ഗേജ് പണികൾ ആരംഭിച്ചപ്പോൾ ഈ ട്രെയിൻ നിർത്തലാക്കിയിരുന്നു.
പുനലൂർ – പാലക്കാട് പാലരുവി എക്സ്പ്രസ് തൂത്തുക്കുടി വരെ നീട്ടണമെന്ന ആവശ്യവും റെയിൽവേ ബോർഡിന്റെ മുന്നിൽ ഉന്നയിച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു.
പുനലൂർ ഗുരുവായൂർ ട്രെയിൻ മധുരയിലേക്ക് നീട്ടുന്നതിനുള്ള നിർദ്ദേശം റെയിൽവേ ബോർഡിന്റെ പരിഗണനയിൽ ആണ്. പുനലൂർ ഗുരുവായൂർ പാസഞ്ചർ, എക്സ്പ്രസ് ട്രെയിനാക്കി മധുര വരെ നീട്ടാനും ശ്രമിക്കുന്നുണ്ട്. നിലവിലുള്ള പാസഞ്ചർ ട്രെയിനിന്റെ സ്റ്റോപ്പുകൾ ഒന്നും തന്നെ റദ്ദാക്കാതെ പുനലൂർ ഗുരുവായൂർ ട്രെയിൻ മധുര വരെ നീട്ടണമെന്നാണ് ആവശ്യപ്പെട്ടതെന്നും കൊടിക്കുന്നിൽ അറിയിച്ചു.
ജൂൺ നാല് മുതൽ മുതൽ സർവീസ് പുനരാരംഭിക്കുന്ന എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ഇത് രണ്ടാം തവണയാണ് സർവീസ് ആരംഭിക്കുന്നത്. 2018ൽ എറണാകുളത്തു നിന്നും വേളാങ്കണ്ണിയിലേയ്ക്ക് ആഴ്ചയിൽ ഒരു സർവീസ് ഉണ്ടായിരുന്നു.
ഈ ട്രെയിൻ നിലനിർത്തണമെങ്കിൽ, കൂടുതൽ യാത്രക്കാരുണ്ടാകണമെന്ന ആവശ്യമുന്നയിച്ച് സോഷ്യൽ മീഡിയായിൽ ഉൾപ്പടെ പ്രചരണം നടന്നിരുന്നെങ്കിലും സ്പെഷൽ ട്രെയിൻ സർവീസ് അവസാനിപ്പിക്കുകയായിരുന്നു.
വീണ്ടും ഈ ട്രെയിൻ സ്പെഷൽ സർവീസായി തന്നെയാണ് കോട്ടയം – കൊല്ലം- പുനലൂർ റൂട്ടിൽ ആരംഭിക്കുന്നത്. ആഗസ്റ്റ് മാസം വരെ പരീക്ഷണാടിസ്ഥാനത്തിലാണ് സർവീസ്. അതിനു ശേഷമേ സർവീസ് സ്ഥിരപ്പെടുത്തണമോയെന്ന് തീരുമാനിക്കുകയുള്ളൂ. കൂടുതൽ യാത്രക്കാർ ഈ വണ്ടിയിൽ യാത്ര ചെയ്താലേ സർവീസ് നിലനിർത്തുകയുള്ളൂ