എ.ടി.എം. ഉപയോഗിക്കാൻ അറിയാത്തവരെ കബളിപ്പിച്ച് കാർഡ് കൈക്കലാക്കി പണം കൈക്കലാക്കുന്ന തട്ടിപ്പ് വീരൻ പിടിയിൽ
ഇടുക്കി: എ.ടി.എം. ഉപയോഗിക്കാൻ അറിയാത്തവരെ കബളിപ്പിച്ച് കാർഡ് കൈക്കലാക്കി പണം തട്ടുന്ന വീരൻ പീരുമേട് പൊലീസിന്‍റെ പിടിയിൽ. കണ്ണൂർ ആലക്കോട് ഉദയഗിരികുന്നേൽ വീട്ടിൽ ഷിജു രാജാണ് (31) അറസ്റ്റിലായത്. ഹൈറേഞ്ച് മേഖലയിൽ നിരവധി പേരെ ഇയാൾ വഞ്ചിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ചെമ്മണ്ണ് സ്വദേശി നൽകിയ പരാതിയിൽ പീരുമേട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വീരനെ പൊലീസ് വലയിലാക്കിയത്. സമാനമായി ഇയാൾ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതോടെ പരാതിയുള്ളവർ പീരുമേട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ പൊലീസ് അറിയിച്ചിട്ടുണ്ട്.
എടിഎമ്മുകൾക്ക് സമീപം നിലയുറപ്പിക്കുന്ന ഇയാൾ പ്രായമായവരും എടിഎം ഉപയോഗിക്കാൻ അറിയാത്തവരും വരുമ്പോൾ ഇവരെ സഹായിക്കാനെന്ന വ്യാജേനയാണ് തട്ടിപ്പിനു കളമൊരുക്കുന്നത്. തന്ത്രത്തിൽ എടിഎം കൈക്കലാക്കിയ ശേഷം തിരികെ നൽകുന്നത് മറ്റൊരു എടിഎം ആയിരിക്കും. തുടർന്ന് തട്ടിയെടുത്ത എടിഎമ്മിൽ നിന്നും പണം പിൻവലിച്ച് സ്ഥലം വിടും. ഇത്തരത്തിലാണ് തട്ടിപ്പ് തുടർന്നുകൊണ്ടിരുന്നത്.
അക്കൗണ്ടിൽ പണം ഇല്ലാതെ വരുമ്പോഴാണ് പലരും തട്ടിപ്പ് മനസിലാക്കന്നത്. 30ൽ പരം ആളുകളെ ഇയാൾ ഇത്തരത്തിൽ കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഏലപ്പാറ, കുമളി, വണ്ടിപ്പെരിയാർ, മുണ്ടക്കയം തുടങ്ങിയ എ.ടി.എമ്മുകളിൽ നിന്നാണ് ഇയാൾ പണം പിൻവലിച്ചിട്ടുള്ളത്.
പീരുമേട് ഡി.വൈ.എസ്.പി. സനിൽ കുമാർ, എസ്ഐമാരായ അജേഷ്, അബ്സർ, ഇസ്മായിൽ, സിവിൽ പൊലീസ് ഓഫീസർമാരായ സിയാദ്, ജോജി, സുനീഷ്, ബഷീർ, ജിനേഷ്, അജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.