മേലുകാവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം.സ്ഥിരം കുറ്റവാളിയെ അറസ്റ്റ് ചെയ്തു
മേലുകാവ് മായാപുരി ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി യുവതിയോട് അതിക്രമം കാട്ടിയ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ടയെ പൊലീസ് സംഘം പിടികൂടി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഇരുമാപ്ര സ്വദേശിയായ സാജൻ പാറശേരിലിനെയാണ് മേലുകാവ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സജീവ് ചെറിയാൻറെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. മേലുകാവ് പൊലിസ് സ്റ്റേഷനിൽ കൂടാതെ കാഞ്ഞിരപ്പള്ളിയിൽ ഡോക്ടറുടെ വീട്ടിൽ അർദ്ധരാത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറേയും കുടുംബത്തെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലും, കട്ടപ്പനയിൽ എ.എസ്.ഐയെ കുത്തി കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലും, കോതമംഗലം സ്റ്റേഷൻ പരിധിയിൽ ഉണ്ടായ കൊലപാതക കേസിലും, മുട്ടം പൊലിസ് സ്റ്റേഷനിലെ ഒരു വധശ്രമ കേസിലും ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.