കോട്ടയത്തും ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ
ഗാന്ധിനഗർ : കാസർഗോഡിനും കൊല്ലത്തിനും പിന്നാലെ കോട്ടയത്തും ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ. ഷവർമ കഴിച്ച വിദ്യാർത്ഥിനിക്കു ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന്, കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി.കോട്ടയം മെഡിക്കൽ കോളജിലെ ബിഎസ്‌സി ഡയാലിസിസ് വിദ്യാർത്ഥിനിക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 20കാരിയായ പെൺകുട്ടി തിരുവനന്തപുരം സ്വദേശിനിയാണ്.
ഇന്നലെ മെഡിക്കൽ കോളജ് മോർച്ചറി ഗെയിറ്റിനു എതിർവശത്തു സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിൽ നിന്നാണു വിദ്യാർത്ഥിനി ഷവർമ കഴിച്ചത്. ഭക്ഷണം കഴിച്ച് അര മണിക്കൂർ കഴിഞ്ഞപ്പോൾ ശാരീരിക അസ്വസ്ഥതയും ശരീരമാകെ ചൊറിച്ചിലും അനുഭവപ്പെടുകയായിരുന്നു.
തുടർന്ന്, മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. വിദ്യാർഥിനി കോളജ് അധികൃതർക്കു പരാതി നൽകി.