ലുലുമാളിൽ വെച്ച് വിദ്യാർത്ഥിനിയെ കയറിപ്പിച്ചയാൾ അറസ്റ്റിൽ
കളമശ്ശേരി: ലുലുമാളിൽ വെച്ച് വിദ്യാർത്ഥിനിയെ കയറിപ്പിച്ചയാൾ അറസ്റ്റിൽ. കൊടുങ്ങല്ലൂർ കല്ലുമഠത്തിൽ ധനേഷ് ധനപാലനാണ് (44) അറസ്റ്റിലായത്. വിനോദയാത്രയ്ക്കായി കേരളത്തിലെത്തി തമിഴ്നാട് സ്വദേശിയായ വിദ്യാർഥിനി ഇടപ്പള്ളി ലുലു മാൾ സന്ദർശിച്ചപ്പോഴാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്.
ഊട്ടിയിലെ പ്ലസ് ടു വിദ്യാർഥിനിയും സംഘവും കേരളത്തിലെ പലയിടത്തും സന്ദർശിച്ച ശേഷം ഇന്നലെ വൈകിട്ടാണ് മാളിൽ എത്തിയത്. ഈ സമയം കെജിഎഫ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടൻ യാഷ് ലുലുവിൽ എത്തിയിരുന്നു. ഈ തിരക്കിനിടയിലാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചത്.
ശല്യം സഹിക്കാൻ വയ്യാതെ സ്ഥലത്തുനിന്നും മാറിപ്പോയെങ്കിലും പിന്തുടർന്നെത്തിയ പ്രതി വീണ്ടും ഉപദ്രവിച്ചതോടെ പെൺകുട്ടി ബഹളം വച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടി. ഇയാൾ കൊടുങ്ങല്ലൂരിൽ ബാറ്ററി ഷോപ്പ് നടത്തുകയാണ്. പ്രതിയെ റിമാൻഡ് ചെയ്തു.