റമളാൻ:ആത്മസംസ്കരണത്തിന്റെ വസന്തകാലം
ആത്മസംസ്കരണത്തിന്റെ വസന്തകാലമായ വിശുദ്ധ റമളാൻ ഇതാ ആഗതമായിരിക്കുന്നു. മനുഷ്യരുടെ പാപങ്ങൾ പൊറുത്ത് സ്വർഗീയ പ്രവേശനത്തിനുള്ള സുവർണാവസരമാണ് റമളാൻ നൽകുന്നത്. അന്ന പാനീയങ്ങളും വൈകാരിക ചിന്തകളും ഉപേക്ഷിച്ച്, ശരീരവും ആത്മാവും സൃഷ്ടാവിന് മുമ്പിൽ സമർപ്പിച് പുതിയൊരു മനുഷ്യനായി ജീവിക്കാൻ റമളാൻ അവസരമൊരുക്കുന്നു. ഒരു മാസത്തെ വ്രതം മനുഷ്യനെ ശാരീരികമായും മാനസികമായും സംസ്കരിക്കുന്നു. അതുവഴി നല്ലൊരു മനുഷ്യനായി ജീവിച്ച്, സമൂഹത്തിന് ഗുണം ചെയ്യുന്നതോടൊപ്പം പാരത്രിക ലോകത്ത് വിജയം കൊയ്യുവാനുമുള്ള അവസരമാണ് റമളാൻ നമുക്ക് നൽകുന്നത്.
മനുഷ്യത്വം മരവിച്ച വർത്തമാനകാലത്തിൽ റമളാന്റെ പ്രസക്തി സൂവ്യക്ത മാണ്. മനുഷ്യനെ മനുഷ്യനാക്കുന്ന മഹനീയ ഗുണങ്ങൾ തേഞ്ഞുമാഞ്ഞു പോകാതെ ജീവിതത്തിലുടനീളം പച്ച പിടിച്ചുനിൽക്കാൻ റമളാൻ സഹായിക്കുന്നു. ക്ഷമയും അനുസരണയും നിസ്വാർത്ഥതയും പരസ്പര സ്നേഹവും സഹനവും സഹജീവി ബോധവും സർവ്വോപരി ഭക്തി സമ്പന്നമായ ജീവിതവും റമളാന്റെ ഗുണഫലങ്ങൾ ആണ്. കഴിഞ്ഞ കാലങ്ങളിൽ ജീവിതത്തിന്റെ നിഖില മേഖലകളിൽ ചെയ്തുപോയ പാകപ്പിഴകൾ ക്ക് പരിഹാരം കാണാനും വരുംകാലങ്ങളിൽ കൂടുതൽ അർപ്പണബോധത്തോടെ അല്ലാഹുവിന്റെ ആജ്ഞകൾക്ക് വഴി പെടാനുള്ള ഊർജ്ജവും ഉൾകരുത്തും നേടിയെടുക്കുന്ന പരിശീലന കാലയളവാണ് ഈ വിശുദ്ധമാസം. ഈ മാസം സത്യത്തിന്റെ സംസ്ഥാപനത്തിനും തിന്മയുടെ വിപാടനത്തിനും സർവ്വം സമർപ്പിച്ച് സജീവമാകാൻ സത്യവിശ്വാസികൾ പരിശ്രമിക്കണം….
അതിനാൽ ഈ നന്മയുടെ മാസത്തെ ആത്മസംതൃപ്തിയോടെ വരവേറ്റ് നന്മകൾ കൊയ്തെടുക്കാൻ പരിശ്രമിക്കുക…..
എല്ലാവർക്കും റമളാനിന്റെ നന്മകളും പ്രാർത്ഥനകളും നേരുന്നു..
എ എച്ച് അബ്ദുൽ റഹ്‌മാൻ മൗലവി
ഇമാം. വേലനിലം മസ്ജിദ് നൂർ മുസ്ലിം ജമാ അത്ത്