പ്രളയബാധിതരുടെ ലിസ്റ്റിലുള്ളവര്‍ക്ക് പലിശയില്‍ 50ശതമാനം ഇളവ് നല്‍കി ബാങ്കുകൾ
വായ്പാ തിരിച്ചടവിന്‍മേലുള്ള നടപടികള്‍ ഒഴിവാക്കി മീനച്ചില്‍ ബാങ്ക്,പ്രളയബാധിതരുടെ ലിസ്റ്റിലുള്ളവര്‍ക്ക് പലിശയില്‍ 50ശതമാനം ഇളവ് നല്‍കി പൊതുമേഖലാ ബാങ്കുകളും.
മുണ്ടക്കയം: പ്രളയബാധിത മേഖലയില്‍ ജപ്തി നോട്ടീസ് ലഭിച്ചവരില്‍ പ്രളയം നേരിട്ട്ബാ ധിച്ചവർ അഞ്ചിൽ താഴെ ആളുകൾ മാത്രമാണെന്നും മറ്റാരും പ്രളയം ബാധിച്ച കുടുംബങ്ങളല്ലെന്നും വിവിധ ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കി. അറുപത് ദിവസത്തിനുള്ളില്‍ കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 29.11.2021 ലാണ് കേരളാ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് നല്‍കിയ കുടുംബങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഹെഡ് ഓഫീസില്‍ നിന്നും നേരിട്ടാണ് കൈക്കൊള്ളുന്നതെന്നാണ് ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. വിവിധ ബാങ്കുകളില്‍ നിന്നായി പതിനഞ്ചോളം വ്യക്തികള്‍ക്കാണ് വസ്തു ജപ്തിനോട്ടീസ് ലഭിച്ചിരിക്കുന്നതായി അന്വേഷണത്തില്‍ അറിയുവാന്‍ കഴിയുന്നത് ഇവ 2006 മുതല്‍ ഉള്ള ലോണുകളും ഒരു തവണ പോലും തിരിച്ചടയ്ക്കാത്ത കേസുകളുമാണെന്നുമാണ് അറിയുന്നത്.മറ്റുള്ളവര്‍ക്ക് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ അയക്കുന്ന റിമൈന്‍ഡര്‍ നോട്ടീസാണ് അയച്ചിരിക്കുന്നതെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നത്.സര്‍ക്കാരിന്റെ പ്രളയബാധിത ലിസ്റ്റില്‍പ്പെട്ടവര്‍ക്കും പ്രളയബാധിതരെന്ന് വില്ലേജ് ഓഫീസില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കും അമ്പത് ശതമാനം പലിശയിളവ് നല്‍കുവാന്‍ മാത്രമാണ് ഇപ്പോള്‍ ബാങ്കുകള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.ചിലബാങ്കുകള്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലുലക്ഷം വരെ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. റിമൈന്‍ഡര്‍ നോട്ടീസ് ആണെങ്കില്‍ പോലും അതിന്‍മേല്‍ കൂടുതല്‍ സാവകാശം വേണമെന്നാണ് ഇപ്പോള്‍ നോട്ടീസ് ലഭിച്ചിരിക്കുന്നവര്‍ ആവശ്യപ്പെടുന്നത്.