കോട്ടയത്ത്ലോ ട്ടറികച്ചവടം നടത്തുന്ന വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ 21കാരൻ അറസ്റ്റിൽ.

കോട്ടയം: ലോട്ടറികച്ചവടം നടത്തുന്ന വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ 21കാരൻ അറസ്റ്റിൽ. കോട്ടയം ഒളശ്ശ വേലംകുളം വീട്ടിൽ രാഹുൽ ആണ് അറസ്റ്റിലായത്. കോട്ടയത്ത് ലോട്ടറി വില്പന നടത്തിയിരുന്ന വീട്ടമ്മയെ പിന്തുടർന്നെത്തി പീഡിപ്പിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയത്ത് വെച്ച് ഗൂഗിൾപേ ചെയ്യാനെന്ന വ്യാജേന പ്രതി വീട്ടമ്മയുടെ ഫോൺ നമ്പർ കൈക്കലാക്കി. ഇതിന് ശേഷം ഫോൺ വിളിച്ച് വീട്ടമ്മയുടെ കുടുംബ സാഹചര്യവും താമസസ്ഥലവും മറ്റും മനസ്സിലാക്കി. തുടർന്ന് വീട്ടമ്മ പോലുമറിയാതെ വീട്ടമ്മ കയറിയ അതേ ബസിൽ കയറി പിന്തുടർന്നെത്തിയാണ് ഇയാൾ അതിക്രമം കാട്ടിയത്.

വീട്ടമ്മ ഇറങ്ങേണ്ട ബസ് സ്റ്റോപ്പിന് മുമ്പിറങ്ങിയ ഇയാൾ ജംഗ്ഷനിൽ ഉണ്ടായിരുന്ന ഓട്ടോയിൽ ബസ്സിനെ പിന്തുടർന്ന് എത്തി. ബസിറങ്ങി ഇടവഴിയിലൂടെ വീട്ടിലേക്ക് പോയ വീട്ടമ്മയെ,ഓട്ടോയിൽ നിന്നും ഇറങ്ങി പിന്തുടർന്ന് എത്തിയ രാഹുൽ അടുത്തുള്ള റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോവുകയായിരുന്നു. വീട്ടമ്മ ബഹളം വെച്ച് കയ്യിലിരുന്ന ഫോണിൽ നിന്നും ഭർത്താവിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ വീട്ടമ്മയുടെ ഫോൺ പ്രതി ബലമായി പിടിച്ചുവാങ്ങി.

ഈ സമയം അവിടെനിന്നും ഓടി രക്ഷപ്പെട്ട് റോഡിൽ എത്തിയ വീട്ടമ്മയെ ആ സമയം അവിടെ എത്തിയ ബൈക്ക് യാത്രക്കാരാണ് രക്ഷപ്പെടുത്തിയത്. വീട്ടമ്മയിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കിയ ബൈക്കിലെത്തിയ യുവാക്കൾ രാഹുലിനെ റബർ തോട്ടത്തിൽ തെരഞ്ഞെങ്കിലും പ്രതി അവിടെനിന്നും ഓടി രക്ഷപ്പെട്ടു.സംഭവമറിഞ്ഞ് വീട്ടമ്മയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു. പിടികൂടി ചോദ്യം ചെയ്തപ്പോൾ രാഹുൽ കുറ്റം സമ്മതിച്ചു.
സംഭവസ്ഥലത്തുനിന്നും ഒരു കിലോമീറ്ററോളം ഓടി മറ്റൊരു റോഡിൽ എത്തിയ ഇയാൾ റോഡിലൂടെ വന്ന ഒരു ഓട്ടോയിൽ കയറി അയർക്കുന്നത്തത്തി. അവിടെ ബാറിൽ കയറി മദ്യപിച്ച പ്രതി, വീട്ടമ്മയുടെ ഫോണിന്റെ ലൊക്കേഷൻ മനസ്സിലാക്കി പോലീസ് അന്വേഷിക്കുന്നത റിഞ്ഞ് ഫോൺ ഓഫ്‌ ചെയ്ത്,തന്റെ ഭാര്യ ഗർഭിണിയാണെന്നും ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ആണ് എന്നും പറഞ്ഞ് ബാറിൽ ഉണ്ടായിരുന്ന യുവാക്കളുടെ ബൈക്കിൽ കോട്ടയം മെഡിക്കൽകോളേജ് പരിസരത്തെത്തി രക്ഷപ്പെട്ടു. അവിടെനിന്നും നടന്ന്‌ പ്രതി വെളുപ്പിന് സ്വന്തം വീട്ടിലെത്തുകയായിരുന്നു.

വീട്ടമ്മയുടെ ഫോൺ നഷ്ടപ്പെട്ടതിനാൽ പ്രതിയെ കുറിച്ച് യാതൊരു വിവരവും പോലീസിന് ആദ്യം ലഭിച്ചിരുന്നില്ല. പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോൺ നമ്പർ മനസ്സിലാക്കിയ പോലീസ് ഇയാളെ തിരിച്ചറിഞ്ഞു. തുടർന്ന് ഒളശ്ശയിലുള്ള വീട്ടിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയുടെ വീട്ടിൽനിന്നും വീട്ടമ്മയുടെ ഫോണും ഊരിമാറ്റിയ നിലയിൽ സിമ്മും കണ്ടെത്തി. കോട്ടയത്തുനിന്നും സയന്റിഫിക് സ്ക്വാഡ് എത്തി സംഭവസ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തി.എസ് എച്ച് ഒ കെ പി തോംസൺ, എസ് ഐ അഭിലാഷ് എംഡി, എ എസ് ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പാലാ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page