വിവാഹത്തട്ടിപ്പിലൂടെ യുവതിയുടെ സ്വർണ്ണം കൈക്കലാക്കിയ എറണാകുളം സ്വദേശി അറസ്റ്റിൽ
മണിമല: മാട്രിമോണി വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി യുവതിയുടെ വീട്ടുകാരിൽ നിന്നും വിവാഹത്തട്ടിപ്പിലൂടെ സ്വർണം കൈക്കലാക്കിയ കേസിൽ എറണാകുളം സ്വദേശി അറസ്റ്റിൽ. എറണാകുളം ഉദയംപേരൂർ പുല്ല്യാട്ട് വീട്ടിൽ വിഷ്ണു കൃപയിൽ അയ്യപ്പദാസിനെ(31)യാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹ ബന്ധം വേർപ്പെടുത്തിയ മണിമല സ്വദേശിയായ യുവതിയായിരുന്നു പരാതിക്കാരി. ഇവർക്ക് ആദ്യ വിവാഹം വേർപെടുത്തിയ വകയിൽ ലഭിക്കാനുള്ള 9 പവൻ സ്വർണ്ണവും 12 ലക്ഷം രൂപയും കോടതി മുഖേന വാങ്ങിത്തരാമെന്നു പറഞാണ്പ്ര തി തട്ടിപ്പ് നടത്തിയത്. യുവതിയുടെ പക്കൽ നിന്നും 17 ഗ്രാം സ്വർണമാണ് ഇയാൾ തട്ടിയെടുത്തത്.
താൻ കബളിപ്പിക്കപ്പെട്ടു എന്നു തിരിച്ചറിഞ്ഞ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു പൊലീസ് സംഘം മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.,
മണിമല സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബി.ഷാജിമോൻ, എസ്.ഐ ബോബി വർഗീസ്, എ.എസ്.ഐ ഗ്രേഡ് എം.ജെ സുനിൽകുമാർ, എ.എസ്.ഐ ഗ്രേഡ് ഡി.സുബാഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ എം.ജെ ജോഷി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സിജി കുട്ടപ്പൻ, വി.ബി പ്രതാപ്, സി.വി പ്രദീപ്കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.