കാഞ്ഞിരപ്പള്ളിയിലെ കൊലപാതകം : കുടുംബസ്വത്ത് വിറ്റതുമായുള്ള തർക്കം കയ്യാങ്കളിയിൽ എത്തുകയായിരുന്നു

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സഹോദരന്റെ വെടിയേറ്റ് യുവാവ് മരിച്ചത് സ്വത്തുതർക്കത്തെ തുടർന്ന്. സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യനാണ്​ (49 ) കൊല്ലപ്പെട്ടത്​. വെടിയുതിർത്ത സഹോദരൻ ജോർജ് കുര്യനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരുടെ മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്കറിയയും തലയ്ക്ക് വെടിയേറ്റ് ചികിത്സയിലാണ്. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്തായിരുന്നു സംഭവം. കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവായ ജോർജ് കുര്യൻ കുടുംബ ഉടമസ്ഥതയിലുള്ള സ്ഥലം കഴിഞ്ഞ ദിവസം വിറ്റിരുന്നു. ഇത് ചോദിക്കാനായി ഊട്ടിയിൽ വ്യവസായിയായ രഞ്ജു തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ എത്തുകയായിരുന്നു. തറവാട്ടുവീട്ടിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.

ഇതേ തുടർന്ന്​ വീട്ടിലുണ്ടായിരുന്ന പിസ്റ്റൽ എടുത്ത്​ ജോർജ്​ കുര്യൻ സഹോദരനെയും അമ്മാവനെയും വെടിവെക്കുകയായിരുന്നു. തലക്ക് വെടിയേറ്റ രഞ്ചു തൽക്ഷണം മരിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് മാത്യുവിന്റെ തലക്ക് വെടിയേറ്റത്. രഞ്ജുവിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വെടിയേറ്റ് അബോധാവസ്ഥയിലായ മാത്യുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞെത്തിയ കാഞ്ഞിരപ്പള്ളി പൊലീസ് ജോർജിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ തന്റെ പേരിൽ ലൈസൻസുള്ള തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. ജോർജിനെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page