യുക്രൈൻ തലസ്ഥാനമായ കീവിൽ കടുത്ത പോരാട്ടം തുടരുന്നു.ശക്തമായ ചെറുത്തുനിൽപ്പ്
യുക്രൈൻ തലസ്ഥാനമായ കീവിൽ കടുത്ത പോരാട്ടം തുടരുന്നു.
യുക്രൈൻ :യുക്രൈൻ്റെ മറ്റു മേഖലകളിൽ അതിവേഗം മുന്നേറിയ റഷ്യൻ സൈന്യം തലസ്ഥാനമായ ക്രീവ് പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ്. ക്രീവ് വിമാനത്താവളം ഇതിനോടകം റഷ്യൻ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ പലയിടത്തും ശക്തമായ രീതിയിൽ പൊരുതാൻ യുക്രൈൻ സൈന്യം ശ്രമിച്ചിട്ടുണ്ട്. പല പ്രദേശങ്ങളിലും ഇരുസൈന്യത്തിനും കനത്ത നാശം നേരിടേണ്ടി വന്നു. ഡോണട്സ്ക് മേഖലയിൽ എണ്ണ സംഭരണ കേന്ദ്രത്തിന് തീ സംഘർഷത്തിനിടെ തീപിടിച്ചു.
മരിയുപോളിലും ഇരുവിഭാഗം സൈന്യവും ഏറ്റുമുട്ടി. റൊസ്താവോ മേഖലയിൽ എയർബേസിന് നേരെ റഷ്യ ആക്രമണം നടത്തി. യുക്രൈൻ സൈന്യത്തിൻ്റെ പ്രതിരോധത്തെ മറികടന്ന് റഷ്യൻ സേന കാർകീവ് മേഖലയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇവിടെ രൂക്ഷമായവെടിവെയ്പ്പ് നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാർകീവ് മേഖലയിൽ റഷ്യൻ വാഹനങ്ങൾ തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടതായി വാർത്തകളുണ്ട്. ഇന്നലെ കനത്ത പോരാട്ടം നടന്ന ചെർണോബിൽ നിലവിൽ റഷ്യൻ നിയന്ത്രണത്തിലാണ്. ഇവിടെ ആണവവികിരണത്തിൽ വർധനവുണ്ടായതായി യുക്രൈൻ ആണവ എജൻസി റിപ്പോർട്ട് ചെയ്തെങ്കിലും ആശങ്കയ്ക്ക് വകയില്ലെന്നാണ് വിവരം. ചെർകാസിയിൽ ഒരു റഷ്യൻവിമാനം യുക്രൈൻ വെടിവെച്ചിട്ടു. അവിടെ പൈലറ്റിനായി തെരച്ചിൽ തുടരുകയാണ്.
യുക്രൈൻ തലസ്ഥാനമായ കീവിൽ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ക്രീവിലെ ഹോസ്റ്റോമൽ എയർപോർട്ടിന് നേരെ ആക്രമണമുണ്ടായി. റഷ്യൻ സൈന്യം ക്രീവിലേക്ക് പ്രവേശിക്കുന്നത് തടയാൻ തലസ്ഥാന നഗരത്തിലേക്കുള്ള നിരവധി പാലങ്ങളും റോഡുകളും യുക്രൈൻ സൈന്യം തകർത്തു.
അതേസമയം യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിൽ പുടിന് വ്യക്തിപരമായി കടുത്ത ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ തമ്മിൽ ധാരണയായി. ഏക്കാലത്തേയും കഠിനമായ ഉപരോധ പാക്കേജാണ് പുടിനെ കാത്തിരിക്കുന്നതെന്നണ് ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ പ്രതികരിച്ചത്. പുടിനെ കൂടാതെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനും ഉപരോധം ബാധകമായിരിക്കും. യൂറോപ്യൻ യൂണിയൻ നടപ്പാക്കുന്ന ഉപരോധം റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടി നൽകുമെന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ കണക്കുകൂട്ടൽ.