എരുമേലി കെ. എസ്. ആര്. ടി. സി. ഓപ്പറേറ്റിങ് സെന്റര്‍ നിര്‍ത്തലാക്കാന്‍ നീക്കം. ജീവനക്കാരെ സ്ഥലം മാറ്റി
എരുമേലി :
കെ. എസ്. ആര്. ടി. സിയുടെ എരുമേലി ഓപ്പറേറ്റിങ് സെന്റര്‍ നിര്‍ത്തലാക്കുന്നതിന് നീക്കം. സംസ്ഥാനത്തെ ഡിപ്പോകള്‍ നിലനിര്‍ത്തുകയും ഓപ്പറേറ്റിങ് സെന്ററുകള്‍ നിര്‍ത്തലാക്കുകയും ചെയുന്നതിനാണ് കെ. എസ്. ആര്. ടി. സിയുടെ പുതിയ സര്‍ക്കുലര്‍. ഇതോടെ എരുമേലി ഓപ്പറേറ്റിങ് സെന്ററിന് പൂട്ടുവീഴുന്നതിനാണ് സാധ്യത. മെക്കാനിക്കല്‍ ജീവനക്കാരെ മുഴുവനായും പൊന്‍കുന്നം ഡിപ്പോയിലേയ്ക്ക് പോസ്റ്റ് ചെയ്തുള്ള ഉത്തരവിറങ്ങി. ഓപ്പറേറ്റിങ് സെന്റര്‍ നിര്‍ത്തലാക്കുന്നതിന്റെ സൂചനയാണിതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. എരുമേലി പഞ്ചായത്ത് 2000-2001 കാലഘട്ടത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം ആരംഭിച്ചതാണ് എരുമേലി ഓപ്പറേറ്റിങ് സെന്റര്‍. ശബരിമല തീര്‍ഥാടനകാലത്തിന്റെ പ്രത്യേകത കൂടി കണക്കിലെടുത്ത് എരുമേലിയില്‍ സെന്റര്‍ നിലനിന്നു. ആര്. ബാലകൃഷ്ണ പിള്ള ഗതാഗത മന്ത്രിയായിരിക്കുമ്പോള്‍ സെന്റര്‍ ഇവിടെ നിന്നും മാറ്റുന്നതിനായി അധികൃതര്‍ നീക്കം നടത്തിയപ്പോള്‍ വ്യാപകമായ ബഹുജനപ്രക്ഷോഭത്തെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു. അന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും സെന്റര്‍ നീക്കുന്നതിനെതിരെ അണിനിരന്ന് പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ ഫലമാണ് സെന്റര്‍ ഇന്നും നിലനിന്നു പോകുന്നത്. ശബരിമല തീര്‍ഥാടനകാലത്ത് മികച്ച വരുമാനം സെന്ററിന് ലഭിച്ചിരുന്നു. ദീര്‍ഘദൂര സര്‍വീസുകളും മലയോര മേഖലയിലേയ്ക്കുള്ള സര്‍വീസും ഉള്‍പ്പെടെ നിരവധി സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയുന്നു. ദേവസ്വം ബോര്‍ഡില്‍ നിന്നും പാട്ടത്തിനെടുത്ത സ്ഥലത്താണ് ഓപ്പറേറ്റിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ശബരിമല തീര്‍ഥാടകരുടെയും മലയോര മേഖല ഉള്‍പ്പെടുന്ന യാത്രക്കാരുടെയും സൗകര്യാര്‍ത്ഥം സെന്റര്‍ എരുമേലിയില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മേഖലയില്‍ മുണ്ടക്കയത്ത് കെ. എസ്. ആര്. ടി. സിയ്ക്കായി സ്ഥലം ഏറ്റെടുത്ത് കെട്ടിടം ഉള്‍പ്പെടെ നിര്‍മിച്ചിട്ടും പ്രവര്‍ത്തനം ആരംഭിക്കാതെ ഉപേക്ഷിച്ചിരുന്നു. മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും കെ. എസ്. ആര്. ടി. സി. ബസുകള്‍ പാര്‍ക്ക് ചെയുന്നതിനോ സര്‍വീസുകളുടെ വിവരങ്ങള്‍ അറിയുന്നതിനോ യാതൊരു സൗകര്യവുമില്ല. ഇതോടെ കെ. എസ്. ആര്. ടി. സിയോടുള്ള യാത്രക്കാരുടെ താല്‍പ്പര്യം കുറയുന്നതിനിടയാക്കും. എരുമേലി ഓപ്പറേറ്റിങ് സെന്ററില്‍ മാത്രം ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് എത്തുന്നത്. അശാസ്ത്രീയമായ തീരുമാനം കെ. എസ്. ആര്. ടി. സി. പുനഃപരിശോധിക്കണമെന്നാണ് വിവിധ തൊഴിലാളി സംഘടനകളും ആവശ്യമുയര്‍ത്തുന്നത്.