കെ.എസ്.എഫ്.ഇ യെ തകർക്കാൻ ലക്ഷ്യമിട്ട് നടക്കുന്ന കുപ്രചരണങ്ങൾ തള്ളിക്കളയണമെന്ന് കെ.എസ്.എഫ്.ഇ ഏജൻ്റ്സ് അസോസിയേഷൻ (സിഐടിയു)
കോട്ടയം: 52 വർഷക്കാലമായി പൊതുജന താൽപ്പര്യം സംരക്ഷിച്ച് ലാഭകരമായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ കെ.എസ്.എഫ്.ഇ യെ തകർക്കാൻ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയകളിൽ നടക്കുന്ന കുപ്രചരണങ്ങൾ തള്ളിക്കളയണമെന്ന് കെ.എസ്.എഫ്.ഇ ഏജൻ്റ്സ് അസോസിയേഷൻ (സിഐടിയു) അഭ്യർത്ഥിച്ചു.1969 ൽ ആരംഭിച്ച സ്ഥാപനത്തിൽ സംതൃപ്തരായ നാൽപ്പത്തിയഞ്ച് ലക്ഷത്തോളം ഇടപാടുകാരുണ്ട്.തുടങ്ങിയ കാലം മുതൽ സർക്കാർ നിയമങ്ങൾ കൃത്യമായി പാലിച്ച് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റിയാണ് കെ.എസ്.എഫ്.ഇ മുന്നോട്ട് പോകുന്നത്.കോവിഡ് – പ്രളയ ദുരിതകാല ഘട്ടങ്ങളിൽ കോടിക്കണക്കിന് രൂപയാണ് ജനക്ഷേമ പ്രവർത്തനങ്ങൾക്കായി കെ എസ് എഫ് ഇ ലാഭവിഹിതത്തിൽ നിന്ന് സർക്കാരിലേക്ക് കൈമാറിയത്.പ്രവാസി ചിട്ടി അടക്കമുള്ളവ ആരംഭിച്ച് കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങളിലും ഈ സ്ഥാപനം പങ്കാളിയായി.സിഎസ്ആർ ഫണ്ടുപയോഗിച്ച് ജനോപകാരപ്രദമായി നിരവധി കാര്യങ്ങളാണ് കെ എസ് എഫ് ഇ ചെയ്ത് വരുന്നത്.കുറഞ്ഞ പലിശ നിരക്കിൽ കൂടുതൽ പണം ലഭിക്കുന്ന സ്വർണ പണയ പദ്ധതികളും, ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് കുറഞ്ഞ പലിശയിൽ ലോണും ഉൾപ്പെടെ ജനങ്ങളുടെ ആവശ്യം നിറവേറ്റാനുതകുന്ന വിവിധ വായ്പകളും കെ എസ് എഫ് ഇ യുടെ പ്രത്യേകതയാണ്.ചിട്ടികളിൽ നിന്ന് ലഭിക്കുന്ന 5 % ലാഭവിഹിതത്തിൽ നിന്ന് ഇടപാടുകാർക്ക് സമ്മാനങ്ങളും, ഇൻഷുറൻസും ഏർപ്പെടുത്തുന്ന സ്ഥാപനം കുടിശിഖക്കാർക്ക്കോടിക്കണക്കിന് രൂപയുടെ ഇളവുകളും നൽകുന്നുണ്ട്. സേവനങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കാതെ വിറ്റ് വരവ് കൂട്ടി തികച്ചും ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ തകർക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ല.ബ്ലേഡ് സ്ഥാപനങ്ങളുടെ കരാള ഹസ്തങ്ങളിൽ നിന്നും സാധാരണക്കാരെ സംരക്ഷിച്ച് നിർത്തുന്ന ജനകീയ പ്രസ്ഥാനമായ കെ എസ് എഫ് ഇ യെ സംരക്ഷിക്കാനും വ്യാജ പ്രചരണങ്ങളെ പ്രതിരോധിക്കാനും മുഴുവൻ കെഎസ് എഫ് ഇ ഏജൻ്റുമാരും രംഗത്തിറങ്ങും.കേരള നാടിൻ്റെ അഭിമാനമായ കെ എസ് എഫ് ഇ യെ സംരക്ഷിക്കാൻ മുഴുവൻ ബഹുജനങ്ങളും മുന്നിട്ടിറങ്ങണമെന്ന് ഏജൻ്റ്സ് അസോസിയേഷൻ (സി ഐ ടി യു ) ജില്ലാ പ്രസിഡണ്ട് കെ.ഇ.മോനിച്ചനും ജില്ലാ സെക്രട്ടറി എം.എ.റിബിൻ ഷാ യും അഭ്യർത്ഥിച്ചു