ചെറാട് മലയിൽ കുടുങ്ങിയ യുവാവിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം രാത്രിയിലും തുടരും

പാലക്കാട്: ചെറാട് മലയിൽ കുടുങ്ങിയ യുവാവിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം രാത്രിയിലും തുടരുമെന്ന് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പാലക്കാട് ജില്ലാ കലക്ടർ മൃൺമയി ജോഷി വ്യക്തമാക്കി. ബം​ഗളൂരിൽ നിന്നുള്ള കേന്ദ്ര കരസേന ഉടൻ പാലക്കാട് എത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. രാത്രിയും ആവശ്യമെങ്കിൽ നാളെയും രക്ഷാപ്രവർത്തനം തുടരുമെന്നാണ് ജില്ലാ കളക്ടർ വ്യക്തമാക്കുന്നത്.

യുവാവിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനാണ് ആദ്യ പരിഗണന. താഴെയിറക്കുന്നത് സാഹചര്യം നോക്കിയായിരിക്കും. എൻഡിആർഎഫ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കരസേനയുടെ മറ്റൊരു യൂണിറ്റ് വെല്ലിംഗ്ടണിൽ നിന്ന് വൈകിട്ട് പുറപ്പെട്ടിട്ടുണ്ട്. ഇവരും രാത്രിയിൽ മലമ്പുഴ എത്തും. ബം​ഗളൂരിൽ നിന്നാണ് വ്യോമസേനാ പാരാ കമാന്റോകളും എത്തുമെന്നാണ് വിവരം. ബം​ഗളൂർ പാരാ റെജിമെന്റ് സെന്ററിൽ നിന്ന് എയർ ഫോഴ്സ് പ്രത്യേക വിമാനം AN- 32 ൽ പ്രത്യേക ആർമി സംഘം എയർഫോഴ്സിന്റെ സുലൂർ ക്യാമ്പസ്സിൽ ഇറങ്ങി റോഡ് മാർഗ്ഗം മലമ്പുഴയിലേക്ക് തിരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. മദ്രാസ് റെജിമെന്റ് സെന്ററിൽ നിന്ന് 2 ഓഫീസർമാർ, 2 ജൂനിയർ കമ്മീഷണർ ഓഫീസർമാർ, 7 അദർ ഓഫീസർമാർ എന്നിവരടങ്ങുന്ന സംഘം റോഡ് മാർഗ്ഗം മലമ്പുഴയിലേക്ക് തിരിച്ചു എന്നും മന്ത്രി അറിയിച്ചു. ഇതിൽ 2 പേർ എവറസ്റ്റ് കയറിയിട്ടുള്ളവരാണ്. നാവിക സേനയും നാളെ രക്ഷാപ്രവർത്തനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page