ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന്പേർ മരിച്ചു.
ചങ്ങനാശ്ശേരി: എംസി റോഡിൽ എസ്ബി കോളജിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു. ചങ്ങനാശേരി ഹിദായത്ത് നഗർ പള്ളിപ്പറമ്പിൽ ഷാനവാസിന്റെയും ജെബിയുടെയും മകൻ അജ്മൽ റോഷൻ (27), വാഴപ്പള്ളി കണിയാംപറമ്പിൽ രുദ്രാക്ഷ് (20), ചങ്ങനാശേരി ഫിഷ് മാർക്കറ്റ് ഭാഗത്ത് ഉല്ലാഹയിൽ അലക്സ് (26) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന കാരാപ്പുഴശ്ശേരി ഷിന്റോ(23)ക്കു പരിക്കേറ്റു.
ഇന്നലെ രാത്രി ഒൻപതേമുക്കാലോടെയാണ് അപകടമുണ്ടായത് . എതിർദിശയിൽ നിന്നും വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ് റോഡിൽ വീണ യുവാക്കളെ നാട്ടുകാർ ആദ്യം ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അജ്മലിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ രുദ്രാക്ഷിനെയും അലക്സിനെയും പിന്നീട് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി പന്ത്രണ്ടരയോടെ ഇവരും മരിച്ചു. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.