ഭർത്താവിനെ കൊലപ്പെടുത്താൻ ഭക്ഷണത്തിലും വെള്ളത്തിലും മാനസിക രോഗത്തിനുള്ള മരുന്ന് ചേർത്തു കൊടുത്ത യുവതി പാലയിൽ അറസ്റ്റിൽ

ഭർത്താവിന് ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലർത്തിക്കൊടുത്ത് അപായപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഭാര്യ പിടിയിൽ

പാലാ:ഭർത്താവിന് ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലർത്തിക്കൊടുത്ത് അപായപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ പാലാ മീനച്ചിൽ പാലാക്കാട് സതീ മന്ദിരം വീട്ടിൽ ആശാ സുരേഷിനെ (36) പാലാ പോലീസ് പിടികൂടി. ഭർത്താവ് സതീഷിൻ്റെ പരാതിയിന്മേൽ അന്വേഷണം നടത്തിയ ശേഷമാണ് അറസ്റ്റ്.

2006 ലാണ് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ യുവാവ് പാലാ മുരിക്കുംപുഴ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്. അതിനു ശേഷം 2008 മുതൽ മുരിക്കുംപുഴയിലെ ഭാര്യവീട്ടിൽ ഇരുവരും താമസമാക്കുകയും ചെയ്തു. സ്വന്തമായി ഐസ്‌ക്രീം ഡിസ്ട്രിബ്യൂഷൻ എടുത്ത് ഭാര്യയോടൊപ്പം താമസിക്കുകയായിരുന്നു യുവാവ്. ഇതിനിടെ ബിസിനസ് രക്ഷപെട്ടു തുടങ്ങിയതോടെ ഭാര്യയും ഭർത്താവും മറ്റൊരു വീട് വാങ്ങിയ ശേഷം താമസം പാലക്കാട്ടേയ്ക്കു മാറ്റുകയും മാറ്റുകയും ചെയ്തു.

എന്നാൽ, വിവാഹം കഴിഞ്ഞ സമയം മുതൽ തന്നെ ഭാര്യ നിസാര കാര്യങ്ങളെച്ചൊല്ലി വഴക്കുണ്ടാക്കിയിരുന്നതായി ഭർത്താവ് പറയുന്നു. ചില്ലറ പിണക്കങ്ങളും ഇരുവരും തമ്മിലുണ്ടായിരുന്നതായും ഭർത്താവ് പറയുന്നു. എന്നാൽ, പാലക്കാട്ടെ വീട്ടിൽ താമസിക്കുന്നതിനിടെ യുവാവിന് തുടർച്ചയായി ക്ഷീണം ഉണ്ടാകുകയായിരുന്നു. ഇതേ തുടർന്നു നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും ഷുഗർതാഴ്ന്നു പോകുന്നതാണ് എന്നതാണ് കാരണമായി കണ്ടെത്തിയത്. എന്നാൽ, 2021 സെപ്റ്റംബറിൽ 20 ദിവസത്തോളം വീട്ടിൽ നിന്നും മാറി നിന്നു ഭക്ഷണം കഴിച്ചതാണ് കേസിൽ ഏറെ നിർണ്ണായകമായ സംശയങ്ങൾക്ക് ഇട നൽകിയത്

ഇതേ തുടർന്ന് ഭർത്താവ് ഭാര്യയുടെ കൂട്ടുകാരിയുമായി സംസാരിച്ചു. തുടർന്ന്, തനിക്ക് ഏതെങ്കിലും മരുന്നുകൾ ഭാര്യ നൽകുന്നുണ്ടോ എന്ന് ചോദിച്ചറിയണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കൂട്ടുകാരി തിരക്കിയപ്പോഴാണ് 2015 മുതൽ ഭർത്താവിന് മാനസിക രോഗത്തിനുള്ള മരുന്ന് മൂന്നു നേരവും ഭക്ഷണത്തിലും വെള്ളത്തിലും കലർത്തി നൽകിയിരുന്നതായി വെളിപ്പെടുത്തിയത്. തുടർന്നു, യുവതി കൂട്ടുകാരിയ്ക്ക് ഈ മരുന്നിന്റെ ഫോട്ടോ അയച്ചു നൽകുകയും ചെയ്തു. തുടർന്നു, ഭർത്താവ് സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു ലഭിച്ച പരാതി തുടർ അന്വേഷണത്തിനായി പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് അയച്ചു നൽകുകയായിരുന്നു. തുടർന്നു, പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് വീട് റെയിഡ് ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്യുകയും മരുന്നുകൾ പിടിച്ചെടുക്കുകയുമായിരുന്നു. പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസൺ, എസ്.ഐ എം.ഡി അഭിലാഷ്, എ.എസ്.ഐ ജോജൻ ജോർജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുമേഷ്, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ ബിനുമോൾ, മഞ്ജു, ലക്ഷ്മി, രമ്യ എന്നിവർ ചേർന്നാണ് യുവതിയെ പിടികൂടി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page