മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി
കോട്ടയം :മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന ശുഭകരമായ സൂചനയാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്നത്. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ അദ്ദേഹത്തെ സന്ദർശിച്ച ശേഷം മന്ത്രി പി എൻ വാസവൻ വ്യക്തമാക്കി. എന്നാൽ അപകടനില പൂർണ്ണമായും തരണം ചെയ്തിട്ടില്ല എന്നും മന്ത്രി വാസവൻ വ്യക്തമാക്കി.തലച്ചോറിലേക്ക് രക്തം എത്താത്തത് മൂലം തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആയിട്ടില്ല. പൂർണ്ണമായും പ്രതീക്ഷയുണ്ട് എന്ന് തന്നെയാണ് ഡോക്ടർമാർ പറയുന്നത് എന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.
തലച്ചോറിലേക്ക് രക്തം എത്താത്തത് മൂലമാണ് പ്രവർത്തനം സാധാരണ നിലയിൽ ആകാത്തത്. ഇതുമൂലം അബോധാവസ്ഥയിൽ തുടരുകയാണ് വാവ സുരേഷ്. രണ്ടുതവണ ഇതിൽനിന്ന് മറികടക്കാനുള്ള ശ്രമം ഡോക്ടർമാരുടെ സംഘം നടത്തി. അടുത്ത അഞ്ച് മണിക്കൂറിനുള്ളിൽ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആകും എന്ന് പ്രതീക്ഷിക്കുന്നു എന്നും കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞതായി മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. ആശുപത്രിയിൽ എത്തിച്ചപ്പോൾ 20 ശതമാനം മാത്രമായിരുന്നു ഹൃദയം പ്രവർത്തിച്ചിരുന്നത്. സിപിആർ നൽകിയശേഷമാണ് ഹൃദയത്തിന്റെ പ്രവർത്തനത്തിൽ പുരോഗതി ഉണ്ടായത്. ആദ്യം പ്രവേശിപ്പിച്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും സിപിആർ നൽകിയിരുന്നു. പ്രാഥമിക ശുശ്രൂഷ മികച്ച രീതിയിലാണ് ഭാരത് ആശുപത്രിയിൽ നൽകിയത് എന്നും മന്ത്രി വ്യക്തമാക്കി.
ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായതിനുപുറമേ രക്തസമ്മർദ്ദം സാധാരണ നിലയിലായി എന്നും ഡോക്ടർമാരുടെ സംഘം വിലയിരുത്തി. കോട്ടയം മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് വാവാ സുരേഷിനെ ജീവൻ നിലനിർത്താൻ വേണ്ടി കഠിനപരിശ്രമം നടത്തുന്നത്. ഹൃദ്രോഗ വിഭാഗം മേധാവി ജയകുമാർ മറ്റു വിവിധ വകുപ്പുകളിലെ ഡോക്ടർമാർ എന്നിവർ ആശുപത്രിയിലെത്തി പരിശോധന നടത്തി. ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും നടത്തിയതായി മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി