പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളിലെ എല്ലാ ഭൂമിയ്ക്കും കരം അടയ്ക്കാം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളിലെ എല്ലാ ഭൂമിയ്ക്കും കരം അടയ്ക്കാം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
എരുമേലി : പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളിലെ പട്ടയം ലഭിച്ച കൃഷിക്കാരുടെ കൈവശ ഭൂമിയ്ക്ക് നിയമ കുരുക്കുകൾ മൂലം കരം സ്വീകരിക്കാതിരുന്നത് പുന പരിശോധിച്ച്, കരം സ്വീകരിക്കാൻ നടപടി ആയതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. എരുമേലി തെക്ക് വില്ലേജിലെ പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളിലെ കർഷകരുടെ ഭൂമി സർവേ റിക്കാർഡുകൾ പ്രകാരം, മുൻപ് ഈ പ്രദേശം പത്തനംതിട്ടയിൽ ജില്ലയിൽ ആയിരുന്ന കാലഘട്ടത്തിൽ ഉൾപെടുത്തിയിരുന്ന റാന്നി താലൂക്കിലെ കൊല്ലമുള വില്ലേജിൽ തന്നെ നിലനിന്നു വരികയായിരുന്നു. തൻമൂലം, കരം സ്വീകരിക്കൽ ഓൺലൈൻ ആയി മാറിയെങ്കിലും പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങൾ കോട്ടയം ജില്ലയിലെ ഇതുമായി ബന്ധപ്പെട്ട റിലീസ് സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ തടസം പരിഹരിച്ച് പ്രസ്തുത പ്രദേശങ്ങളിലെ ഭൂമി റീ സർവേ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് കോട്ടയം ജില്ലയിൽ എരുമേലി തെക്ക് വില്ലേജിൽ ഉൾപ്പെടുത്തുന്നതിന് നിശ്ചയിച്ചു. ഇതിനായി റീ സർവേ നടപടികൾ ത്വരിതപ്പെടുത്തും. കൂടാതെ നിലവിൽ കൈവശ ഭൂമിയുള്ള, മുൻപ് പട്ടയം ലഭിച്ചിരുന്ന എല്ലാ കൃഷിക്കാർക്കും മാനുവൽ ആയി കരം അടച്ച് നൽകുന്നതിനും തീരുമാനം എടുത്തിട്ടുള്ളതായും എംഎൽഎ അറിയിച്ചു. ഇത് സംബന്ധമായി കോട്ടയം കളക്ട്രേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. യോഗത്തിൽ എംഎൽഎയെ കൂടാതെ ജില്ലാ കളക്ടർ, അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്, ഡെപ്യൂട്ടി കളക്ടർ (ലാൻഡ് റിഫോംസ്), സർവേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ, അസി. ഡയറക്ടർ എന്നീ ജില്ലാതല ഉദ്യോഗസ്ഥരും കൂടാതെ കാഞ്ഞിരപ്പള്ളി തഹസീൽദാർ, ഡെപ്യൂട്ടി തഹസീൽദാർ, എരുമേലി തെക്ക് വില്ലേജ് ഓഫീസർ തുടങ്ങിയവരും പങ്കെടുത്തു. പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശത്തുള്ള എല്ലാ കൈവശ കൃഷിക്കാർക്കും എരുമേലി തെക്ക് വില്ലേജ് ഓഫീസിൽ സമീപിച്ച്, കരം അടച്ച് രസീത് കൈപ്പറ്റാവുന്നതാണ്.