സോളാറിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വി എസിന്റെ പ്രസ്താവനക്കെതിരെ ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ട കേസിൽ ഉമൻചാണ്ടിക്ക് അനുകൂല വിധി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസിനെതിരെ നൽകിയ കേസിൽ ഉമ്മൻചാണ്ടിക്ക് അനുകൂല വിധി. സോളാറിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വി എസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്. കേസിൽ 10. 10 ലക്ഷം രൂപ ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. തിരുവനന്തപുരം സബ് കോടതിയുടേതാണ് വിധി
2013 ൽ സോളാർ കേസ് സജീവമായ സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത് . അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം ഉന്നയിച്ചത്
പ്രതിപക്ഷ നേതാവിനെതിരെ 2014 ലാണ് ഉമ്മൻ ചാണ്ടി അപകീർത്തി കേസ് കോടതിയിൽ ഫയൽ ചെയ്തത്. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച വക്കീൽ നോട്ടീസിൽ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയിൽ ഫയൽ ചെയ്തപ്പോൾ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത് .