സംസ്ഥാനത്ത് പുതിയ 190 മദ്യവിൽപ്പന ശാലകള്‍ തുറക്കണമെന്ന് ബിവറേജസ് കോര്പറേഷന് ശിപാര്‍ശ
തിരുവനന്തപുരം :സംസ്ഥാനത്ത് 190 പുതിയ മദ്യശാലകള്‍ തുറക്കണമെന്ന് ബിവറേജസ് കോര്പറേഷന് ശിപാര്‍ശ.അനുകൂല നിലപാടുമായി എക്സൈസും. നിലവിലെ മദ്യശാലകളിലെ തിരക്ക് കുറക്കാനെന്ന പേരിലാണ് പുതിയ നീക്കം. എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്തശേഷം ഇക്കാര്യം മദ്യനയത്തില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ വില്പനശാലകള് സ്ഥാപിക്കാനുള്ള നിര്‍ദേശങ്ങളാകും നയത്തിലുണ്ടാകുക. ഏപ്രില്‍ മുതല്‍ പുതിയ മദ്യനയം പ്രാബല്യത്തില്‍വരും. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ദേശീയ-സംസ്ഥാനപാതക്ക് 500 മീറ്ററിനുള്ളില്‍ ഉണ്ടായിരുന്ന വില്പനശാലകള് ദൂരേക്ക് മാറ്റിയിരുന്നു. ഇവ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് 56 പുതിയ വില്പനശാലകളാകാം. നഗരസഭ പ്രദേശങ്ങളില്‍ തിരക്കുള്ള വില്പനശാലകള്ക്കടുത്ത് 57 പുതിയവ ആരംഭിക്കാം. 20 കിലോമീറ്ററിലധികം ദൂരത്തില്‍ വില്പനശാലകള് പ്രവര്‍ത്തിക്കുന്ന 18 ഇടങ്ങളില്‍ പുതിയവ ആരംഭിക്കാമെന്നും ബെവ്കോ ശിപാര്‍ശയിലുണ്ട്.
തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും 24 പുതിയ മദ്യശാലകള്‍ തുടങ്ങാം. ടൂറിസം കേന്ദ്രങ്ങളില്‍ 32 എണ്ണവും. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഡ്യൂട്ടിപെയ്ഡ് ചില്ലറ വില്പന കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും നിര്‍ദേശമുണ്ട്.