ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഹൈസ്കൂൾ വിദ്യാർഥിനിയെ ഈരാറ്റുപേട്ടയിൽ എത്തി പീഡിപ്പിച്ച പാലക്കാട് സ്വദേശി അറസ്റ്റിൽ
ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയുടെ ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് ലൈംഗികമായി ഉപദ്രവിച്ചയാൾ പിടിയിൽ. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസി(35)നെ കണ്ണൂരിൽനിന്നും ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു.
വിദ്യാർഥിനി സ്കൂളിൽ എത്താൻ വൈകിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്സ്കൂ ൾ അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.
പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനും ആണെന്ന് മറച്ചു വെച്ചു. തുടർന്ന് പെൺകുട്ടിയെ ലക്ഷ്യമാക്കി പാലക്കാടുനിന്നും ഈരാറ്റുപേട്ടയിൽ എത്തിയ ഇയാൾ ലോഡ്ജിൽ മുറി എടുത്തു.സ്കൂളിന് സമീപത്തെത്തിയ ഇയാൾ കുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി ലോഡ്ജിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു
പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നുംതന്നെ ഇല്ലാതിരുന്ന കേസിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.