ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട കോട്ടയം അഡീഷണല്‍ കോടതിയുടെ വിധി അംഗീകരിക്കാനാവില്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി ഹരിശങ്കര്‍
തിരുവനന്തപുരം:കന്യാസ്ത്രീയെ ബലാത്സംഘം ചെയ്ത കേസില്‍ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട കോട്ടയം അഡീഷണല്‍ കോടതിയുടെ വിധി അംഗീകരിക്കാനാവില്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി ഹരിശങ്കര്‍. അപ്പീല്‍ പോകാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗത്തിനിരയായ ആളുടെ മാനസികാവസ്ഥ പരിഗണിക്കാതെ വന്ന വിധിയാണിത്. ബിഷപ്പിന് ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഈ കേസ് ഇന്ത്യന്‍ നിയമ ചരിത്രത്തില്‍ തന്നെ അത്ഭുതമായിരിക്കും. ചൂഷണം അനുഭവിച്ചവര്‍ അജീവനാന്തം നിശബ്ദത പാലിക്കണമെന്നാണോ കോടതി വിധി നല്‍കുന്ന സന്ദേശമെന്നും മുന്‍ കോട്ടയം എസ്പിയായിരുന്ന ഹരിശങ്കര്‍ ചോദിച്ചു. വളരെ അസാധാരണമായ വിധിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരുപാട് സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉള്ള ഒരു കേസാണിത്. നിരവധി സാക്ഷിമൊഴികളും, തെളിവുകളുമുണ്ടായിരുന്നു. കന്യാസ്ത്രീയുടെ നിലനില്‍പ്പ് തന്നെ പീഡിപ്പിച്ചയാളെ ആശ്രയിച്ചാണിരുന്നത്. കന്യാസ്ത്രീ മരിക്കണോ ജീവിക്കണോ എന്ന് തീരുമാനിക്കുന്ന ആളാണ് പ്രതി ഭാഗത്തു വരുന്നത്. രണ്ട് വര്‍ഷത്തെ മാനസിക സമ്മര്‍ദ്ധത്തിനൊടുവിലാണ് കന്യാസ്ത്രീ പീഡനവിവരം വെളിപ്പെടുത്തുന്നത്. ശിക്ഷ വിധിക്കുന്നതിന് ഇരയുടെ മൊഴിയും പരിഗണിക്കാം എന്ന സുപ്രീം കോടതി വിധി നിലനില്‍കുമ്പോള്‍ വന്ന ഈ വിധിയില്‍ ഞെട്ടലുണ്ടാക്കി.
നൂറുക്കണക്കിന് നിശ്ശബ്ദര്‍ ഇനിയുമുണ്ടാവില്ലേ, വൃദ്ധ സദനങ്ങളിലും, മാനസികാരോഗ്യ കേന്ദ്രം, ചില്‍ഡ്രന്‍സ് ഹോം തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരത്തില്‍ ചൂഷണങ്ങള്‍ അനുഭവിക്കുന്നവരുണ്ടാകാം. ചൂഷണങ്ങള്‍ പുറത്തുപറയാന്‍ കഴിയാതെ വരുന്നവര്‍ക്ക് ഈ വിധി എന്ത് സന്ദേശമാണ് നല്‍കുന്നത്. ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത വിധിയാണിത് തീര്‍ച്ചയായും അപ്പീല്‍ പോകും. വിധി പകര്‍പ്പ് കിട്ടിയാല്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥനുമായും പ്രോസിക്യൂട്ടറുമായും ചര്‍ച്ച ചെയ്ത് അപ്പീല്‍ നടപടികളിലേക്ക് കടക്കും.
പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ പിന്തുണച്ചിരുന്ന അഞ്ച് കന്യാ സ്ത്രീകൾക്ക് സുരക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു