കാഞ്ഞിരപ്പള്ളിയിൽ ക്വാറന്റൈനിൽ കഴിഞ്ഞയാൾക്കുൾപ്പടെ ഉൾപ്പെടെ ജില്ലയിൽ നാലു പേർക്ക് കൂടി ഒമിക്രോൺ സ്ഥിതീകരിച്ചു
കോട്ടയം: ജില്ലയിൽ നാല് പേർക്കു കൂടി ഓമിക്രോൺ വൈറസ് വകഭേദം സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ഇതോടെ ജില്ലയിൽ ഓമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി.
ജില്ലയിൽ ആദ്യം ഓമിക്രോൺ സ്ഥിരീകരിച്ചയാൾ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു.
വ്യാഴാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ രണ്ടുപേർ ജനുവരി ഒന്നിനും ഒരാൾ ജനുവരി രണ്ടിനും യുഎ ഇ യിൽ നിന്നെത്തിയപ്പോൾ വിമാനത്താവളത്തിൽ നടന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും കങ്ങഴ നിരീക്ഷണകേന്ദ്രത്തിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലുമായി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. തുടർന്നുള്ള ജനിതക പരിശോധനയിലാണ് ഇവർക്ക് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്.
ഡിസംബർ 23 ന് അമേരിക്കയിൽ നിന്ന് എത്തിയ യുവതിയുടെ സമ്പർക്കപ്പട്ടികയിൽപെട്ട മറ്റൊരാൾക്കു സമ്പർക്കം മുഖേനയാണ് വൈറസ് പകർന്നത്.
ഡിസംബർ 30 നു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇയാളുടെ സാമ്പിൾ ജനിതക പരിശോധനയ്ക്ക് വിധേയമാക്കിയത്.