എരുമേലി പേട്ടതുള്ളൽ ചൊവ്വാഴ്ച:അമ്പലപ്പുഴ സംഘം യാത്ര തിരിച്ചു.

എരുമേലി പേട്ടതുള്ളൽ ; അമ്പലപ്പുഴ സംഘം യാത്ര തിരിച്ചു.

 

കോട്ടയം :ശരണം വിളികളാൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീർത്ഥാടനം ആരംഭിച്ചു. കിഴക്കേ ഗോപുര നടയിൽ കണ്ണമംഗലം കേശവൻ നമ്പൂതിരി എരുമേലി പേട്ടതുള്ളലിന് എഴുന്നള്ളിക്കുവാനുള്ള തിടമ്പ് പൂജിച്ച് സമൂഹപ്പെരിയോൻ എൻ ഗോപാലകൃഷ്ണ പിള്ളക്ക് കൈമാറി.

തുടർന്ന് പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രഥത്തിലേക്ക് തിടമ്പ് എഴുന്നള്ളിച്ച് രഥഘോഷയാത്രയുടെ അകമ്പടിയോടെ സംഘം യാത്ര ആരംഭിച്ചു.

രഥത്തിനു പിന്നാലെ സ്വാമി ഭക്തർ കാൽനടയായി യാത്ര തുടർന്നു. മുൻ സമൂഹപ്പെരിയോനും സംഘം രക്ഷാധികാരിയുമായ കളത്തിൽ ചന്ദ്രശേഖരൻ നായർ സംഘത്തെ യാത്രയാക്കി.

മുന്നൂറോളം സ്വാമിമാരും മാളികപ്പുറങ്ങളുമാണ് സംഘത്തിലുള്ളത്. യാത്രാരംഭ സമയത്ത് മാനത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നു.

ആദ്യ ദിനം അമ്പലപ്പുഴയിലെ ഏഴ് കരകളിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി മടങ്ങി എത്തി അമ്പലപ്പുഴ ക്ഷേത്രത്തിൽ വിശ്രമിച്ച് വെള്ളിയാഴ്ച രാവിലെ എരുമേലിയിലേക്ക് യാത്ര ആരംഭിക്കും.

നൂറുകണക്കിന് ക്ഷേത്രങ്ങളിലെയും സംഘടനകളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് യാത്ര. വെള്ളിയാഴ്ച കവിയൂർ ക്ഷേത്രത്തിൽ വിശ്രമിക്കുന്ന സംഘം ശനിയാഴ്ച മണിമലക്കാവ് ദേവീക്ഷേത്രത്തിൽ എത്തും.

ഞായറാഴ്ച മണിമലക്കാവ് ക്ഷേത്രത്തിലെ ആഴി പൂജക്ക് ശേഷം തിങ്കളാഴ്ച എരുമേലിയിൽ എത്തും. ചൊവ്വാഴ്ചയാണ് ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ.

പേട്ടതുള്ളലിനു ശേഷം വ്യാഴാഴ്ച പമ്പയിൽ എത്തി സദ്യ നടത്തി മലകയറും. സംഘത്തിന് പതിനെട്ടാം പടി കയറുന്നതിനും ദർശനത്തിനും പ്രത്യേക സംവിധാനം ഒരുക്കും. മകര വിളക്ക് ദിവസമായ വെള്ളിയാഴ്ച രാവിലെ അമ്പലപ്പുഴക്കാരുടെ നെയ്യഭിഷേകം നടക്കും. മകര വിളക്ക് ദർശനത്തിന് ശേഷം അത്താഴപ്പൂജക്ക് മഹാനിവേദ്യം നടക്കും. ശനിയാഴ്ച വൈകിട്ട് മാളികപ്പുറം മണി മണ്ഡപത്തിൽ നിന്നും ശീവേലി എഴുന്നള്ളത്തും തുടർന്ന് കർപ്പൂരാഴി പൂജയും നടത്തി പത്തു നാൾ നീളുന്ന തീർത്ഥാടനത്തിന് സമാപനം കുറിച്ച് സംഘം മലയിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page