പ്രളയഭൂമിയുടെ മാറാത്ത നൊമ്പരമായി പൂവഞ്ചി മുപ്പത് കുടുംബങ്ങളെ വിധിക്ക് വിട്ടുകൊടുത്ത് അധികൃതര്‍

l
പ്രളയഭൂമിയുടെ മാറാത്ത നൊമ്പരമായി പൂവഞ്ചി
മുപ്പത് കുടുംബങ്ങളെ വിധിക്ക് വിട്ടുകൊടുത്ത് അധികൃതര്‍
അജീഷ് വേലനിലം
കൂട്ടിക്കല്‍: ഒക്ടോബര്‍ പതിനാറിനുണ്ടായ പ്രകൃതിദുരന്തത്തില്‍ കൂട്ടിക്കല്‍ പഞ്ചായത്തിനൊപ്പം തന്നെ പ്രകൃതി വിളയാടിയ സ്ഥലമാണ് കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചി ഉരുള്‍പൊട്ടലില്‍ ആറ് ജീവനുകളാണ് ഇവിടെ നഷ്ടപ്പെട്ടത്.ഇത്രയും വലിയൊരു ഉരുള്‍പൊട്ടല്‍ സാമാന്യചിന്താഗതിക്ക് ഇവിടെ പ്രതീക്ഷിക്കാന്‍ കഴിയില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പോലും പറയുന്നു.നിരന്തരമായുള്ള ഭൂമിയിലെ പ്രകമ്പനം മൂലം ഇളക്കം തട്ടിയ മണ്ണ് ചില അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലവും മലവെള്ളത്തോടൊപ്പം ഊര്‍ന്നിറങ്ങിയതാവാം എന്നാണ് ഇവരുടെ വാദഗതി.ഉരുള്‍പൊട്ടലിനു ശേഷം ഇവിടെ സന്ദര്‍ശിച്ച ഇടുക്കി ജില്ലാ കളക്ടര്‍ പ്രദേശം താമസയോഗ്യമല്ലെന്നും ഇനി ഇവിടെ താമസിക്കുവാന്‍ അനുവദിക്കില്ലെന്നും പറഞ്ഞിരുന്നു.ഇതിനെ തുടര്‍ന്ന് റവന്യൂ സംഘം പരിശോധന നടത്തി മുപ്പത് കുടുംബങ്ങളോട് ക്യാമ്പിലേക്ക് മാറുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.ഇവരില്‍ ചിലരുടെ വീടുകള്‍ അപകടകരമായി സ്ഥിതിയിലാണ് നിലനില്‍ക്കുന്നത്. അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നു  വാടകവീടുകളിലും ക്യാമ്പിലുമായാണ് അന്തിയുറങ്ങുന്നത്. ഭൂമി താമസയോഗ്യമല്ലെന്ന് പ്രഖ്യാപിച്ച ജില്ലാ ഭരണകൂടത്തെ പിന്നീട് പൂവഞ്ചി നിവാസികള്‍ കണ്ടിട്ടില്ല.ഇവരുടെ പുനരധിവാസം സംബന്ധിച്ച് ജനപ്രതിനിധികള്‍ക്കും മിണ്ടാട്ടമില്ല. അധികാരികളിലുള്ള പ്രതീക്ഷ അസ്തമിച്ചപ്പോള്‍ സ്ത്രീകളുള്‍പ്പടെയുള്ള ക്യാമ്പ് അംഗങ്ങള്‍ പത്തൊന്‍പത് ദിവസം മുമ്പ് ക്യാമ്പ് വിട്ടിറങ്ങി ദുരന്തഭൂമിയില്‍ കുടില്‍കെട്ടി സമരം നടത്തുകയാണിപ്പോള്‍. ഇവരെ സന്ദര്‍ശിക്കാനോ ആശ്വസിപ്പിക്കാനോ ഇതുവരെ ജനപ്രതിനിധികള്‍ പോലും വന്നില്ലായെന്നതാണ് ക്യാമ്പ് അംഗങ്ങളെ വേദനിപ്പിക്കുന്നത്.കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയത്തുപോലും ഇവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറുവാന്‍ തയാറായിട്ടില്ല.ഇനിയുമൊരു അപകടമുണ്ടാകുന്നതുവരെ മുപ്പതോളം കുടുംബങ്ങളെ വിധിക്കുവിട്ടുകൊടുത്ത് കാത്തിരിക്കുകയാണ് അധികാരികള്‍

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page