ദുരിതബാധിതർ കുടിൽ കെട്ടുമെന്ന് ഭയം. മുണ്ടക്കയത്തെ സ്വകാര്യ എസ്റ്റേറ്റുകൾക്ക് പോലീസ് കാവൽ
പ്രളയബാധിതര്‍ കുടില്‍കെട്ടുമെന്ന് ഭയം. മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ എസ്റ്റേറ്റിന് പോലീസ് കാവല്‍
അജീഷ് വേലനിലം
മുണ്ടക്കയം: ഉരുള്‍പൊട്ടലിലും പ്രളയത്തിലും സര്‍വതും നഷ്ടപ്പെട്ട ജനങ്ങള്‍ കുടില്‍ കെട്ടുവെന്ന ഭീതിയില്‍ മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ എസ്റ്റേറ്റിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. മുണ്ടക്കയം ഈസ്റ്റില്‍ 35 മൈലില്‍ സ്ഥിതിചെയ്യുന്ന ബോയ്‌സ് എസ്റ്റേറ്റിലാണ് ഒരു മാസമായി പോലീസ് കാവല്‍ നില്‍ക്കുന്നത്. എസ്റ്റേറ്റ് ഉള്‍പ്പെട്ട കൊക്കയാര്‍ പഞ്ചായത്തില്‍ മുപ്പത്തി മൂന്നോളം കുടുംബങ്ങളെ അധികൃതര്‍ താമസ യോഗ്യമല്ലെന്ന് കാരണം പറഞ് സ്വന്തം ഭൂമിയില്‍ താമസിക്കാന്‍ അനുവദിച്ചിരുന്നില്ല. അതോടൊപ്പം തന്നെ കൂട്ടിക്കല്‍ മുണ്ടക്കയം പഞ്ചായത്തുകളിലും ഭവനങ്ങള്‍ നഷ്ടമായവര്‍ ഉണ്ട്. പ്രളയകാലത്ത് തന്നെ എസ്റ്റേറ്റുകളിലെ മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം എന്ന വാദം ഉയര്‍ന്നിരുന്നു. എസ്റ്റേറ്റിലെ പലഭാഗത്തും ഇതുമായി ബന്ധപ്പെട്ട പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു ഇതിനെ തുടര്‍ന്നാണ് എസ്റ്റേറ്റിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത് എന്നാണ് വിവരം. കുട്ടിക്കാനം എആര്‍ ക്യാമ്പിലെ രണ്ട് എ എസ് ഐ മാരുടെ നേതൃത്വത്തില്‍ പത്തു പോലീസുകാരാണ് ഇവിടെ ജോലിയിലുള്ളത്. അത്യാവശ്യഘട്ടങ്ങളില്‍ ഇവരില്‍ ചിലരെ പെരുവന്താനം പോലീസ് സ്റ്റേഷന്‍ ഡ്യൂട്ടിക്കും ഉപയോഗിക്കാറുണ്ട്. പോലീസുകാര്‍ക്ക് എസ്റ്റേറ്റ് കോർട്ടേഴ്സിൽ തന്നെയാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത് ഇവര്‍ ഇവിടെ തമ്പടിച്ചിരിക്കുന്ന കാര്യം എസ്റ്റേറ്റില്‍ ഉള്ളവര്‍ പോലും അധികം അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഉന്നത തലത്തില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് എസ്റ്റേറ്റിന് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതായാണ് വിവരം