തകര്‍ന്നത് മുന്നൂറ്റിയറുപതിലധികം വീടുകള്‍ ഉത്തരംകിട്ടാത്ത ചോദ്യമായി പുനരധിവാസം
കൂട്ടിക്കലിന് മുകളില്‍ ദുരിതം പെയ്തിറങ്ങിയിട്ട് ഇന്ന് അമ്പത്തിയഞ്ച് ദിവസമാകുന്നു. നഷ്ടപ്പെട്ടതെല്ലാം തിരികെയെത്തിപ്പിടിക്കുവാനുള്ള പോരാട്ടത്തിലാണ് ദുരിതബാധിതര്‍. ഏറ്റവും അവസാനമായി വീട് നഷ്ടപ്പെട്ടവര്‍ താമസിച്ചിരുന്ന ഏന്തയാർ സെന്റ് മേരീസ് പാരിഷ് ഹാളിലെ ക്യാമ്പ് കഴിഞ്ഞ ദിവസമാണ് പിരിച്ചുവിട്ടത്.
സുമനസ്സുകളുടെ സഹായം കൊണ്ട്ജീവിതം തിരിച്ചുപിടിക്കുമ്പോഴും ചോദ്യചിഹ്നങ്ങള്‍ അനവധിയാണ് മുന്നില്‍.കൂട്ടിക്കലിനൊപ്പം ദുരിതം പെയ്ത കൊക്കയാറ്റിലും മുണ്ടക്കയം പഞ്ചായത്തിലെ ചില വാര്‍ഡുകളിലും ഇതുതന്നെയാണ് അവസ്ഥ.
കൂട്ടിക്കല്‍ പഞ്ചായത്തില്‍ പറത്താനം ഒന്നാം വാര്‍ഡ് ഒഴികെ പന്ത്രണ്ട് വാര്‍ഡുകളിലും പേമാരി ദുരിതം വിതച്ചിരുന്നു. കരകയറി എത്തിയ ജല ദുരന്തം നാശം വിതച്ചിരുന്നു. പന്ത്രണ്ട് ജീവനുകളാണ് പഞ്ചായത്തില് തന്നെ പൊലിഞ്ഞത്. ഉരുള്‍പൊട്ടലില്‍ പ്ലാപ്പള്ളിയില്‍ നാല് പേരും. കാവാലിയില്‍ ഒരു കുടുംബത്തിലെ ആറ് പേരും, ഏന്തയാറില്‍ ഒഴുക്കില്‍പെട്ട് രണ്ട് പേരുമാണ് മരിച്ചത്. പഞ്ചായത്തില്‍ ആകെ 363 വീടുകള്‍ തകര്‍ന്നു ഇതില്‍ 88 വീടുകള്‍ പൂര്‍ണ്ണമായും 260 വീടുകള്‍ ഭാഗികമായും തകര്‍ന്നു.പതിനഞ്ച് പേര്‍ക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടു.ചെറിയ അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ളവര്‍ ഒരു പരിധിവരെ സ്വന്തം വീടുകളില്‍ താമസമാരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ നൂറ് കണക്കിന് കൃഷിഭൂമിയും പ്രളയം കവര്‍ന്നു അതോടൊപ്പം തന്നെ സാമ്പത്തിക സ്തംഭനാവസ്ഥയും കൂട്ടിക്കലില്‍ ഉടലെടുത്തു.