കേരളത്തിന്റെ ആവശ്യത്തിന് പുല്ലുവില നൽകി തമിഴ്നാട്. മുല്ലപ്പെരിയാറിൽ നിന്നും രാത്രിയിൽ ജലമൊഴുക്കുന്നു. പെരിയാറിന്റെ തീരത്ത് ജാഗ്രത
ഇടുക്കി: ശക്തമായ
പ്രതിഷേധങ്ങൾക്കിടയിലും മുല്ലപ്പെരിയാർ
അണക്കെട്ടിൽ നിന്നും രാത്രിയിൽ വെള്ളം
അധികമായി തുറന്ന് വിട്ട് തമിഴ്നാട്.
തിങ്കളാഴ്ച്ച രാത്രി 8.30ഓടെ ഒൻപത്
ഷട്ടറുകൾ 120 സെന്റീ മീറ്റർ വീതം ഉയർത്തി
12,654.09 ക്യൂസെക്സ് ജലമാണ്
പെരിയാറിലേക്ക് ഒഴുക്കാൻ തുടങ്ങിയത്.
രാത്രിയിലും ഈ അളവിൽ വെള്ളം തുറന്നു
വിട്ടിട്ടുണ്ടെന്നാണ് തമിഴ്നാട്
അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ
കൂടുതൽ വെള്ളം അണക്കെട്ടിൽ നിന്നും
പുറത്തേക്ക് ഒഴുക്കുന്നുണ്ടെന്ന സംശയവും
ബലപ്പെടുന്നുണ്ട്. തിങ്കളാഴ്ച്ച രാത്രി എട്ടിന്
141.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
അതേസമയം പകൽ മുഴുവൻ മഴ
ശക്തമായിരുന്നിട്ടും ഷട്ടർ തുറക്കാൻ രാത്രി
വരെ തമിഴ്നാട് കാത്തിരിക്കുന്നത്
ദുരൂഹമാണെന്ന ആക്ഷേപവും
ശക്തമായിട്ടുണ്ട്.
ഞായറാഴ്ച്ച രാത്രിയിൽ 12 മണിക്ക് ശേഷം
ചപ്പാത്ത്, ഉപ്പുതറ പ്രദേശത്ത്
അപ്രതീക്ഷിതമായി പെരിയാറ്റിൽ വെള്ളം
പൊങ്ങി. ആളുകൾ ഉറങ്ങിക്കിടക്കവൈ
വീടുകളെ തൊട്ട് വെള്ളം ഒഴുകി.
അർധരാത്രിയിലുണ്ടായ വെള്ളപ്പൊക്കത്ത
കുറിച്ച് തീരവാസികളിൽ പലരും അറിഞ്ഞത്
തന്നെ തിങ്കളാഴ്ച്ച പുലർച്ചെയാണ്.
ഇന്ന് ഞായറാഴ്ച്ച തുറന്നുവിട്ടതിലും അധികം
വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. ഇതിനു
പുറമേ പെരിയാർ തീര പ്രദേശത്ത് വൈകിട്ട്
മഴ ശക്തമായതോടെ പെരിയാർ നിലവിൽ
കരകവിഞ്ഞൊഴുകുകയാണ്. ഇതിനു പുറമേ
അണക്കെട്ടിലെ വെള്ളം കൂടി വരുന്നതോടെ
വെള്ളപ്പൊക്കമുണ്ടാകുമെന്ന ഭീതിയിലാണ്
പെരിയാർ തീരവാസികൾ.