കോരുത്തോട്ടിൽ സോളാർ വേലി സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിച്ചു
സോളാർ വേലി സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിച്ചു
എരുമേലി : കൃഷിഭൂമിയും വനാതിർത്തിയും അതിരിടുന്ന കോരുത്തോട് പഞ്ചായത്തിലെ കുഴിമാവ്, 504 പ്രദേശത്തെ മൂന്നര കിലോമീറ്റർ നീളത്തിൽ സോളാർ വേലി സ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചതായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. ഇതിനായി 7 ലക്ഷം രൂപ വനം വകുപ്പ് മുഖേന ഫണ്ട് അനുവദിച്ചിട്ടുണ്ട്. എരുമേലി, കോരുത്തോട്, മുണ്ടക്കയം പഞ്ചായത്തുകളിൽ വനമേഖലയോട് ചേർന്നുള്ള എല്ലാ കൃഷിഭൂമികളും കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിരുന്നു. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയും ചെയ്തുവരുന്നു. കുഴിമാവ്,504 പ്രദേശത്ത് സോളാർ വേലി ഇല്ലാതിരുന്നത് മൂലം കാട്ടാന നിരന്തരമായി കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു. സോളാർ വേലി സ്ഥാപിതമാകുന്നതോടെ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും.
ടെൻഡർ നടപടികൾ പൂർത്തീകരിച്ച് മൂന്ന് മാസത്തിനുള്ളിൽ സോളാർ വേലി സ്ഥാപിക്കുമെന്നും എം എൽ എ അറിയിച്ചു.